ബോളിവുഡിലെ എക്കാലത്തേയും സൂപ്പര്‍ സ്റ്റാറുകളാണ് ഷാരൂഖ് ഖാനും ആമിര്‍ ഖാനും സല്മാന് ഖാനും. സോഷ്യല്‍ മീഡിയയില്‍ സജീവമാണെങ്കിലും മൂന്ന് പേരും രാഷ്ട്രീയ വിഷയങ്ങളില്‍ അഭിപ്രായം പറയാറില്ല. ഇപ്പോഴിതാ അതിന് കാരണം പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ബോളിവുഡ് താരം നസീറുദ്ദീന്‍ ഷാ. ഭരിക്കുന്നത് ഏത് പാര്‍ട്ടിയാണെങ്കിലും മുഖം നോക്കാതെ വിമര്‍ശിക്കുന്ന ചുരുക്കം ചില നടന്മാരില് ഒരാളാണ് ഷാ.
ഖാന് ത്രയങ്ങള്‍ക്ക് നഷ്ടപ്പെടാന്‍ ഒരുപാടുണ്ടെന്നായിരുന്നു നസീറുദ്ദീന്‍ ഷാ പറഞ്ഞത്. തനിക്ക് അവര്‍ക്ക് വേണ്ടി സംസാരിക്കാന്‍ കഴിയില്ല. അവര്‍ നില്ക്കുന്നിടത്തല്ല താന്‍ നില്‍ക്കുന്നത്. വളരെ അപകടം പിടിച്ചതാണെന്ന് തോന്നിയിട്ടായിരിക്കണം അവര്‍ പ്രതികരിക്കാത്തത്. പക്ഷേ സ്വന്തം മനസാക്ഷിയെ അവര്‍ എങ്ങിനെ പറഞ്ഞു മനസിലാക്കുമെന്ന് തനിക്കറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ലഹരിക്കേസില്‍ ഷാരൂഖ് ഖാന്റെ മകന് ആര്യന് ഖാന് അറസ്റ്റിലായത് ചൂണ്ടിക്കാട്ടിയാണ് ഷാ താരങ്ങളുടെ മൗനത്തെക്കുറിച്ച് കൂടുതല്‍ വ്യക്തമാക്കിയത്. ഷാരൂഖ് ഖാന് സംഭവിച്ചതും എത്ര മാന്യമായാണ് അദ്ദേഹം അതിനെ നേരിട്ടതെന്നും നമ്മള് കണ്ടതാണ്. അതൊരു വേട്ടയായിരുന്നു. ഷാരൂഖ് ഒന്നും സംസാരിച്ചതേയില്ല. സോനു സൂദിനും റെയ്ഡ് നേരിടേണ്ടി വന്നു. ആരും അതേക്കുറിച്ച് പ്രസ്താവനയിറക്കിയില്ല. ഒരുപക്ഷേ അടുത്തയാള്‍ താന്‍ ആയിരിക്കാമെന്നും നസീറുദ്ദീന്‍ ഷാ കൂട്ടിച്ചേര്‍ത്തു.