തന്റെ ആദ്യചിത്രമായ ‘തണ്ണീർത്തൻ ദിനങ്ങൾ’ എന്ന സിനിമയിലൂടെ പ്രേക്ഷകമനസിൽ ഇടം നേടിയ നടനാണ് നസ്ലൻ ഗഫൂർ. എന്നാൽ, ഒരു വലിയ പ്രതിസന്ധിയിലാണ് താരം ഇപ്പോൾ അകപ്പെട്ടിരിക്കുന്നത്. നസ്ലന്റെ പേരിലുള്ള വ്യാജ ഫേസ്ബുക്ക് അക്കൗണ്ടിൽ നിന്നുവന്ന കമന്റ് ആണ് ഇപ്പോൾ വലിയ പ്രശ്നമായിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എതിരായിട്ടാണ് കമന്റ്. നസ്ലന്റെ പേരിൽ ആരോ വ്യാജമായി ഉണ്ടാക്കിയ ഫേസ്ബുക്ക് അക്കൗണ്ടിൽ നിന്നാണ് കമന്റ് ഇട്ടിരിക്കുന്നത്. കമന്റ് വന്നതിനു പിന്നാലെ സോഷ്യൽ മീഡിയയിൽ നസ്ലന് എതിരെ സൈബർ ആക്രമണവും ആരംഭിച്ചു. ഇതിനു പിന്നാലെയാണ് തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ സംഭവത്തെക്കുറിച്ച് തുറന്നുപറഞ്ഞ് നസ്ലൻ എത്തിയത്.
ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലാണ് നസ്ലൻ കാര്യങ്ങളെക്കുറിച്ച് വിശദമായി പറയുന്നത്.തന്റെ പേരിൽ ഫേസ്ബുക്കിൽ വ്യാജ അക്കൗണ്ട് ക്രിയേറ്റ് ചെയ്തയാൾ ഒരു പോസ്റ്റിനു താഴെ പോയി പ്രധാനമന്ത്രിക്ക് എതിരെ കമന്റ് ചെയ്തു. കുറേ പേർ അത് ഞാനാണെന്നാണ് വിചാരിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ തനിക്ക് എതിരെ പലരും സൈബർ ആക്രമണവുമായി എത്തി. സൈബർ സെല്ലിൽ പരാതി കൊടുത്തതിനു ശേഷമാണ് താൻ ഇപ്പോൾ ഈ സംസാരിക്കുന്നതെന്നും ആരോ എവിടെയോ ഇരുന്ന് ചെയ്ത തെറ്റിന് താൻ കുറ്റക്കാരനാകേണ്ടി വരുന്നത് വേദനാജനകമാണ്. തന്റെ സിനിമ കാണില്ലെന്നും ചിലരൊക്കെ പറഞ്ഞു. ചെയ്യാത്ത തെറ്റിനാണ് താൻ ശിക്ഷ അനുഭവിക്കേണ്ടി വരുന്നത്. ഇത് ചെയ്തയാൾ തന്നേക്കുറിച്ച് കൂടി ഒന്ന് ആലോചിക്കണമെന്നും നസ്ലൻ പറഞ്ഞു.
പ്രധാനമന്ത്രിക്ക് എതിരെയുള്ള ഒരു കമന്റ് നസ്ലൻ തന്റെ ഫേസ്ബുക്ക് അക്കൗണ്ടിൽ നിന്ന് പോസ്റ്റ് ചെയ്തു എന്നായിരുന്നു മാധ്യമങ്ങളിൽ പ്രചരിച്ച വാർത്ത. അത് തന്റെ അക്കൗണ്ട് അല്ലെന്ന് സ്ഥിരീകരിച്ച നസ്ലൻ പലർക്കും ഇത് വ്യാജ അക്കൗണ്ടാണെന്ന് മനസിലായിട്ടില്ലെന്നും പറഞ്ഞു. താനാണ് ഇത് ചെയ്തതെന്ന് പറഞ്ഞെന്ന് വിവിധ സംഘടനകൾ തനിക്കെതിരെ തിരിഞ്ഞെന്നും തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ എത്തി അസഭ്യം പറഞ്ഞെന്നും നസ്ലൻ പറഞ്ഞു. വീഡിയോയ്ക്ക് ഒപ്പം പരാതിയുടെ രസീതും നസ്ലൻ പങ്കുവെച്ചിട്ടുണ്ട്. ‘നെയ്മർ’ ആണ് നസ്ലന്റെ അടുത്ത ചിത്രം.
View this post on Instagram