സിനിമാ ഷൂട്ടിങ്ങിനിടെ നടന് നാസറിന് പരുക്ക്. സ്പാര്‍ക്ക് എന്ന തെലുങ്ക് ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ ആയിരുന്നു അപകടം. തെലങ്കാന പൊലീസ് അക്കാദമിയില്‍ വച്ചായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നത്. ഷൂട്ടിംഗ് നടക്കുന്നതിനിടെ പടവുകളില്‍ നിന്ന് നാസര്‍ കാല് തെന്നി വീഴുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
സായാജി ഷിന്‍ഡേ, നടിമാരായ സുഹാസിനി, മെഹ്റീന്‍ പിര്‍സാദ എന്നിവരോടൊപ്പമുള്ള രംഗം ചിത്രീകരിക്കുന്നതിനിടെ ആണ് അപകടമുണ്ടായത്. മുഖമടിച്ചാണ് താരം വീണത്. വീഴ്ചയില്‍ കണ്ണിന് പരുക്കേല്‍ക്കുകയും രക്തസ്രാവമുണ്ടാവുകയും ചെയ്തു. തുടര്‍ന്ന് അദ്ദേഹത്തെ ശസ്ത്രക്രിയക്ക് വിധേയനാക്കി. നടന്റെ പരിക്ക് ഗുരുതരമല്ലെന്നും വിശ്രമത്തിലാണെന്നും ഭാര്യ കമീല അറിയിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തമിഴ്നാട്ടിലെ താരസംഘടനയായ നടികര്‍ സംഘത്തിന്റെ പ്രസിഡന്റാണ് നാസര്‍.
ശരവണ സ്റ്റോഴ്സ് ഉടമ ശരവണന്റെ സിനിമാ അരങ്ങേറ്റമായ ദ് ലെജന്‍ഡില്‍ ആണ് നാസര്‍ ഒടുവില്‍ അഭിനയിച്ചത്. ജെ ഡി ജെറി സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തില്‍ സ്വന്തം പേരില്‍ തന്നെയുള്ള ഒരു ശാസ്ത്രജ്ഞനെയാണ് ശരവണന് അവതരിപ്പിച്ചിരിക്കുന്നത്. ഉര്‍വ്വശി റൗട്ടേല, ഗീതിക തിവാരി, സുമന്, ഹരീഷ് പേരടി, വംശി കൃഷ്ണ, റോബോ ശങ്കര്‍, യോഗി ബാബു, പ്രഭു, വിജയകുമാര്‍, ലിവിങ്സ്റ്റണ്, സച്ചു എന്നിവര്‍ക്കൊപ്പം അന്തരിച്ച നടന് വിവേകും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.