ബാല്യകാലത്ത് നേരിടേണ്ടി വന്ന ലൈംഗിക പീഡനത്തെക്കുറിച്ച് മനസു തുറന്ന് ബോളിവുഡ് നടനും ഗായകനും സംഗീത സംവിധായകനുമായി പീയുഷ് മിശ്ര. അമ്പതു വർഷം മുമ്പ് ഒരു വേനൽക്കാലത്ത് ആയിരുന്നു തനിക്ക് ആ ദുരനുഭവം നേരിടേണ്ടി വന്നതെന്നും അകന്ന ബന്ധുവായ ഒരു സ്ത്രീയാണ് തന്നെ ലൈംഗിക പീഡനത്തിന് ഇരയാക്കിയതെന്നും പീയുഷ് മിശ്ര തുറന്നു പറഞ്ഞു. കഴിഞ്ഞയിടെ റിലീസ് ചെയ്ത അദ്ദേഹത്തിന്റെ ഓട്ടോബയോഗ്രഫിക്കൽ നോവലായ തുമാരി അകാത് ക്യാ ഹേ പീയുഷ് മിശ്ര എന്ന പുസ്തകത്തിലാണ് ബാല്യകാലത്തെ കയ്പേറിയ അനുഭവത്തെക്കുറിച്ച് അദ്ദേഹം മനസു തുറക്കുന്നത്.
പേര് മാത്രമാണ് താൻ മാറ്റിയിരിക്കുന്നതെന്നും ആ സംഭവം അതേപടി താൻ പുസ്തകത്തിൽ കുറിച്ചു വെച്ചിട്ടുണ്ടെന്നും പീയൂഷ് മിശ്ര പറഞ്ഞു. ഈ സംഭവം തന്നെ നടുക്കി. എന്താണ് സംഭവിച്ചതെന്ന് അറിയാതെ താൻ അന്തംവിട്ട് നിന്നു. ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ ആയിരുന്നു ഈ സംഭവം. ‘ലൈെംഗികത എന്ന് പറയുന്നത് ആരോഗ്യകരമായ ഒരു കാര്യമാണ്. അത് ജീവിതത്തിൽ ആദ്യമായി സംഭവിക്കുമ്പോൾ നല്ലതായിരിക്കണം. അല്ലാത്ത പക്ഷം, അത് നിങ്ങളുടെ ജീവിതത്തിന് മുറിവേൽപ്പിക്കും. ജീവിതകാലം മുഴുവൻ അത് നിങ്ങളെ അസ്വസ്ഥരാക്കും. കുട്ടിക്കാലത്തെ ലൈംഗികാതിക്രമം എന്റെ ജീവിതം സങ്കീർണമാക്കി. അതിൽ നിന്ന് പുറത്തുവരാൻ ഒരുപാട് സമയവും നിരവധി പങ്കാളികളും വേണ്ടി വന്നു’ – പീയൂഷ് മിശ്ര തുറന്നു പറഞ്ഞു. ഗ്വാളിയോറിലെ ഇടുങ്ങിയ ഇടവഴികളിൽ നിന്ന് ഡൽഹിയിലെ സാംസ്കാരിക കേന്ദ്രമായ മണ്ഡി ഹൗസിലേക്കും ഒടുവിൽ മുംബൈയിലേക്കും എത്തിയ അദ്ദേഹത്തിന്റെ യാത്രയാണ് പുസ്തകം.
ചില ആളുകളുടെ ഐഡന്റിറ്റി വെളിപ്പെടുത്താൻ താൻ ആഗ്രഹിക്കുന്നില്ലെന്നും അവരിൽ ചിലർ സ്ത്രീകളും ചിലർ പുരുഷന്മാരും ആണെന്നും ഇപ്പോൾ സിനിമാ മേഖലയിൽ നല്ല രീതിയിൽ നിലയുറപ്പിച്ചിരിക്കുന്നവരാണെന്നും പീയൂഷ് മിശ്ര പറഞ്ഞു. ആരോടും പ്രതികാരം ചെയ്യാനോ ആരെയും വേദനിപ്പിക്കാനോ താൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പീയൂഷ് മിശ്രയുടെ തന്നെ ആത്മാംശമുള്ള സന്താപ് ത്രിവേദി എന്ന കഥാപാത്രമാണ് നോവലിലെ പ്രധാന കഥാപാത്രം. മെഡിക്കല്‍ രംഗത്ത് ശോഭിക്കണമെന്ന പിതാവിന്റെ ആഗ്രഹം ധിക്കരിച്ച് നാഷണല്‍ സ്കൂള്‍ ഓഫ് ഡ്രാമയില്‍ ചേരുന്ന കഥാപാത്രമാണ് ഇത്. വിശാല്‍ ഭരദ്വാജ് ഒരുക്കിയ മഖ്ബൂല്‍, അനുരാഗ് കശ്യപ് സംവിധാനം ചെയ്ത ഗുലാല്‍, ഗാങ്സ് ഓഫ് വാസീപുര് തുടങ്ങിയ ചിത്രങ്ങളിലെ പീയൂഷ് മിശ്രയുടെ പ്രകടനം ഏറെ ശ്രദ്ധേയമായിരുന്നു. ഈ ചിത്രങ്ങള്‍ക്കായി ഗാനങ്ങളെഴുതുകയും സംഗീതം നല്‍കുകയും ആലപിക്കുകയും ചെയ്തതും അദ്ദേഹം ആയിരുന്നു. ബല്ലിമാരാന്‍ എന്ന സംഗീത ബാന്‍ഡിന്റെ ഭാഗംകൂടിയാണ് പീയൂഷ് മിശ്ര.