നടൻ പ്രഭാസ് നായകനായി എത്തിയ ‘രാധേ ശ്യാം’ എന്ന ചിത്രം മാർച്ച് പതിനൊന്നിനാണ് തിയറ്ററുകളിൽ റിലീസ് ചെയ്തത്. എന്നാൽ, ചിത്രം റിലീസ് ചെയ്ത ഉടനെ തന്നെ ചിത്രത്തിന് എതിരെ നെഗറ്റീവ് റിവ്യൂകളും ആരംഭിച്ചു കഴിഞ്ഞു. പ്രഭാസിന്റെ പുതിയ ചിത്രത്തിന് എതിരെ ഉയർന്ന നെഗറ്റീവ് റിവ്യൂവിൽ മനം നൊന്ത് ആരാധകൻ ആത്മഹത്യ ചെയ്തു. ആന്ധ്രാപ്രദേശിലെ കുർണൂൽ ജില്ലയിലെ തിലക് നഗർ സ്വദേശിയായ 24കാരനായ രവിതേജയാണ് ജീവനൊടുക്കിയത്.
കാത്തിരുന്ന പ്രഭാസ് ചിത്രം പ്രതീക്ഷയ്ക്ക് ഒത്ത് ഉയരാതിരുന്നതാണ് ആരാധകന്റെ ആത്മഹത്യയ്ക്ക് കാരണമായതെന്നാണ് റിപ്പോർട്ടുകൾ. മാർച്ച് 11ന് ആയിരുന്നു രാധേ ശ്യാം ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ റിലീസ് ചെയ്തത്. സിനിമ കണ്ട് വീട്ടിലെത്തിയ രവി തേജ സിനിമ മോശമാണെന്ന് അമ്മയോട് പറഞ്ഞു. ഇതിനു പിന്നാലെയാണ് ആത്മഹത്യ ചെയ്തത്. വീട്ടിലെ സീലിങ് ഫാനിൽ തൂങ്ങി മരിച്ച നിലയിലാണ് രവി തേജയെ കണ്ടെത്തിയത്.
ബാഹുബലി എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന് ശേഷം പ്രഭാസ് നായകനായി എത്തിയ ചിത്രമായിരുന്നു രാധേ ശ്യാം. 350 കോടി ബജറ്റിൽ ആയിരുന്നു രാധേ ശ്യാം നിർമിച്ചത്. രാധാ കൃഷ്ണ കുമാർ സംവിധാനം ചെയ്ത ചിത്രത്തിൽ ഹസ്തരേഖ വിദഗ്ദനായ കഥാപാത്രമായാണ് പ്രഭാസ് എത്തിയത്. തന്റെ ജീവിതത്തിൽ ജനനം മുതൽ മരണം വരെ എന്തെല്ലാം നടക്കുമെന്ന് കൃത്യമായി അറിയാവുന്ന വ്യക്തി എന്നതാണ് ഈ കഥാപാത്രത്തിന്റെ പ്രത്യേകത. വമ്പൻ ഹൈപ്പോടെ എത്തിയ ചിത്രത്തിന് റിലീസിന് പിന്നാലെ സമ്മിശ്രപ്രതികരണമായിരുന്നു ലഭിച്ചത്. അതേസമയം, ആരാധകരന്റെ മരണത്തിൽ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.