സിനിമ പരാജയപ്പെട്ടതിനെ തുടർന്ന് വാങ്ങിയ പ്രതിഫലത്തിൽ നിന്ന് കൃത്യം പകുതി നൽകി നടൻ പ്രഭാസ്. ചിത്രം പ്രതീക്ഷിച്ച വിജയം നേടിയില്ല. ഇതിനെ തുടർന്നാണ് പ്രഭാസിന്റെ നടപടി. ബാഹുബലി എന്ന സിനിമയിലൂടെ നിരവധി ആരാധകരെ സ്വന്തമാക്കിയ നടനാണ് പ്രഭാസ്. എന്നാൽ, അതിനു ശേഷം പുറത്തിറങ്ങിയ പ്രഭാസിന്റെ സഹോ എന്ന ചിത്രത്തിനും വിചാരിച്ച വിജയം സ്വന്തമാക്കാൻ കഴിഞ്ഞിരുന്നില്ല.
ബോക്സ് ഓഫീസിൽ പ്രതീക്ഷിച്ച വിജയം നേടാൻ രാധേ ശ്യാം എന്ന പ്രഭാസ് ചിത്രത്തിനും കഴിഞ്ഞില്ല. രാധേ ശ്യാമിന്റെ നഷ്ടം തീർക്കാനാണ് പ്രതിഫലമായി ലഭിച്ച 100 കോടിയിൽ നിന്ന് 50 കോടി പ്രഭാസ് തിരികെ നൽകിയത്. ചിത്രത്തിൽ വിക്രം ആദിത്യ എന്ന കഥാപാത്രമായാണ് പ്രഭാസ് എത്തിയത്. 100 കോടി രൂപയായിരുന്നു ഇതിനു പ്രതിഫലമായി പ്രഭാസിന് ലഭിച്ചത്. ഇതിൽ നിന്നാണ് 50 കോടി രൂപ തിരികെ നൽകിയത്.
ബോക്സ് ഓഫീസിൽ വലിയ ഹിറ്റ് പ്രതീക്ഷിച്ച് എത്തിയ ചിത്രം പരാജയപ്പെടുകയായിരുന്നു. റിപ്പോർട്ടുകൾ അനുസരിച്ച് രാധേ ശ്യാം സിനിമയുടെ നിർമാതാക്കൾക്ക് 100 കോടി രൂപയാണ് നഷ്ടം ഉണ്ടായത്. ഇതിനെ തുടർന്ന് നിർമാതാക്കളെ സഹായിക്കാനാണ് ഇത്രയും തുക തിരികെ നൽകാൻ പ്രഭാസ് തീരുമാനിച്ചത്. പണം തിരികെ നൽകാൻ തന്നെ ആരും നിർബന്ധിച്ചിട്ടില്ലെന്നും സ്വന്തം ഇഷ്ടപ്രകാരമാണ് പണം തിരികെ നൽകുന്നതെന്നും പ്രഭാസ് വ്യക്തമാക്കി.രാധാകൃഷ്ണ കുമാറിന്റെ സംവിധാനത്തിൽ ഒരുക്കിയ ചിത്രം യു വി ക്രിയേഷൻസും ടി സീരീസും ചേർന്നാണ് നിർമിച്ചത്. പൂജ ഹെഗ്ഡെ ആയിരുന്നു ചിത്രത്തിൽ നായികയായി എത്തിയത്.