നടൻ പൃഥ്വിരാജിന് ഷൂട്ടിംഗിനിടെ പരിക്ക്. വിലായത്ത് ബുദ്ധ എന്ന സിനിമയുടെ ഷൂട്ടിംഗിനിടയിലാണ് പൃഥ്വിരാജിന് പരിക്കേറ്റത്. മറയൂരിൽ ചിത്രീകരണം പുരോഗമിക്കുന്നതിനിടെ ആയിരുന്നു പരിക്ക് പറ്റിയത്. കാലിന് പരിക്കേറ്റ താരത്തെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പൃഥ്വിരാജിനെ തിങ്കളാഴ്ച ശസ്ത്രക്രിയയ്ക്ക് വിധേയനാക്കും എന്നാണ് റിപ്പോർട്ട്. പൃഥ്വിരാജിനെ കേന്ദ്രകഥാപാത്രമാക്കി ജയൻ നമ്പ്യാർ സംവിധാനം ചെയ്യുന്ന ചിത്രമാണ് വിലായത്ത് ബുദ്ധ. സച്ചിയുടെ അവസാന ചിത്രമായ അയ്യപ്പനും കോശിയും സിനിമയിൽ അദ്ദേഹത്തിന്റെ അസോസിയേറ്റ് ഡയറക്ടർ ആയിരുന്നു ജയൻ നമ്പ്യാർ.
ജി ആർ ഇന്ദുഗോപന്റെ വിലായത്ത് ബുദ്ധ എന്ന നോവലിനെ ആസ്പദമാക്കിയാണ് സിനിമ ഒരുക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത് ജി.ആർ. ഇന്ദുഗോപനും രാജേഷ് പിന്നാടനും ചേർന്നാണ്. സിനിമയുടെ ഒരു സ്റ്റണ്ട് രംഗം ചിത്രീകരിക്കുന്നതിനിടെ ആണ് പൃഥ്വിരാജിന് പരിക്കേറ്റത് എന്നാണ് റിപ്പോർട്ട്.