സിനിമാപ്രേമികൾക്ക് വളരെ ഇഷ്ടമുള്ള താരമാണ് നടൻ പൃഥ്വിരാജ്. അദ്ദേഹത്തിന്റെ സിനിമാവിശേഷങ്ങൾക്ക് ഒപ്പം തന്നെ അദ്ദേഹത്തിന്റെ കുടുംബവിശേഷവും ആരാധകർക്ക് ഏറെ പ്രിയങ്കരമാണ്. കഴിഞ്ഞയിടെ പൃഥ്വിരാജ് സിനിമ പ്രമോഷനുമായി ബന്ധപ്പെട്ട് ആരാധകരോട് സംവദിക്കവെ പറഞ്ഞ ഒരു കാര്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ‘ചേട്ടന്റെ പടം കണ്ടിട്ട് മകൾ ഒരു റിവ്യൂ പറഞ്ഞിട്ടുണ്ടോ? അതിൽ ഏതായിരുന്നു രാജുവേട്ടനെ ഏറ്റവും കൂടുതൽ സന്തോഷിപ്പിച്ചത്’ എന്നായിരുന്നു ഒരു ആരാധകന്റെ ചോദ്യം.
എന്നാൽ ആരാധകരെ അമ്പരപ്പിച്ച് തന്റെ ഒരു സിനിമ പോലും മകൾ കണ്ടിട്ടില്ല എന്നായിരുന്നു പൃഥ്വിരാജിന്റെ മറുപടി. ‘എന്റെ സിനിമകൾ അലംകൃത കണ്ടിട്ടില്ല, ഇതുവരെ. എന്റെ ഒരു സിനിമയും ആലി ഇതുവരെ കണ്ടിട്ടില്ല. കാരണം ഞാൻ ചെയ്യുന്ന സിനിമകളിൽ എല്ലാം കുറച്ച് വയലൻസ് പോലുള്ള തീംസ് ഉള്ളതുകൊണ്ട്, കാണിച്ചിട്ടില്ല ഇതുവരെ. ആലി കണ്ടിട്ടുള്ളതെല്ലാം കുട്ടികളുടെ സിനിമയാണ്.’ – പൃഥ്വിരാജ് പറഞ്ഞു. അതേസമയം, കുട്ടികൾക്ക് കാണാൻ പറ്റുന്ന ഒരു സിനിമ ഉണ്ടാക്കണമെന്ന് മകൾ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അതുകൊണ്ടു തന്നെ ഒരു ചിൽഡ്രൻസ് ഫിലിം തന്റെ പ്രയോറിറ്റി ലിസ്റ്റിൽ ഉള്ളതാണെന്നും പൃഥ്വിരാജ് പറഞ്ഞു. ആലി തന്റെ സിനിമകൾ കണ്ടിട്ടില്ലെന്നും അതുകൊണ്ടു തന്നെ തന്റെ സിനിമകളെക്കുറിച്ചോ അഭിനയത്തെക്കുറിച്ചോ അഭിപ്രായം പറഞ്ഞിട്ടില്ലെന്നും പൃഥ്വിരാജ് പറഞ്ഞു.
എന്നാൽ പൃഥ്വിരാജിന്റെ നിലപാടിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് കമന്റ് ബോക്സിൽ എത്തിയിരിക്കുന്നത്. സ്വന്തം മകളെ സിനിമ കാണിക്കാത്തപ്പോൾ മറ്റുള്ള കുട്ടികൾ കണ്ടു വയലന്റ് ആകട്ടെ എന്നാണോയെന്ന് ചോദിക്കുന്നു ഒരു ആരാധകൻ. വെള്ളിനക്ഷത്രം സിനിമ കാണിച്ചാൽ എന്താണ് കുഴപ്പമെന്നും ചോദിക്കുന്നുണ്ട്. ‘ചോദിച്ച ചോദ്യത്തിന് സത്യസന്ധമായി ഉത്തരം പറഞ്ഞു. ബാക്കിയുള്ളവരുടെയോ എന്റെയോ മക്കളെ കാണിക്കുകയോ വേണ്ടയോ എന്നുള്ളത് നമ്മൾ അല്ലെ തീരുമാനിക്കേണ്ടത് അയാളുടെ നയം അയാൾ വ്യക്തമാക്കി.’ എന്നായിരുന്നു മറ്റൊരു കമന്റ്. ‘അച്ഛനോടുളള ഇഷ്ടം കുറഞ്ഞു പോകുമെന്ന് ഭയന്നായിരിക്കും മോളെ കാണിക്കാത്തത്.’ – എന്നായിരുന്നു വേറൊരു പ്രേക്ഷകന്റെ കണ്ടെത്തൽ.