നടൻ പൃഥ്വിരാജ് നായകനായി എത്തുന്ന ആക്ഷൻ എന്റർടയിനർ ‘കടുവ’ ജൂലൈ ഏഴിന് തിയറ്ററുകളിൽ റിലീസ് ചെയ്യും. ആദ്യം ജൂൺ 30ന് ആയിരുന്നു റിലീസ് തീരുമാനിച്ചിരുന്നതെങ്കിലും അപ്രതീക്ഷിതമായ ചില സാഹചര്യങ്ങളാൽ അത് മാറ്റുകയായിരുന്നു. ഒരു ഇടവേളയ്ക്ക് ശേഷം ഷാജി കൈലാസ് പൃഥ്വിരാജിനെ നായകനാക്കി ഒരുക്കുന്ന ചിത്രമെന്ന പ്രത്യേകതയും ‘കടുവ’യ്ക്കുണ്ട്. ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട പരിപാടികളുമായി തിരക്കിലാണ് ഇപ്പോൾ പൃഥ്വിരാജ്.
സിനിമയുടെ പ്രമോഷൻ തന്നെ എങ്ങനെയൊക്കെ ബാധിക്കുന്നു എന്ന് തുറന്നു പറയുകയാണ് പൃഥ്വിരാജ്. ക്ലബ് എഫ് എം യുഎഇയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കവേയാണ് പ്രമോഷൻ തന്നെ വല്ലാതെ ക്ഷീണിപ്പിക്കുന്നുണ്ടെന്ന് പൃഥ്വിരാജ് വ്യക്തമാക്കിയത്. ഷൂട്ടിങ്ങ് കാരണം ക്ഷീണിക്കാത്ത ആളാണ് താനെന്നും രാവിലെ മുതൽ രാത്രി വരെ ഷൂട്ട് ചെയ്താലും താൻ പെർഫക്ടലി ഫൈൻ ആയിരിക്കുമെന്നും വ്യക്തമാക്കുകയാണ് പൃഥ്വിരാജ്. ഷൂട്ടിങ് കഴിഞ്ഞ് പാക്കപ്പ് കഴിഞ്ഞ് തിരിച്ച് വണ്ടിയില്‍ കയറിയിരിക്കുമ്പോഴാണ് ക്ഷീണം അറിയുകയെന്നും അല്ലാതെ ഷൂട്ടിങ് സമയത്ത് തനിക്ക് ക്ഷീണം അറിയാറില്ലെന്നും പറഞ്ഞ പൃഥ്വി പ്രമോഷന്‍സ് ശരിക്കും ക്ഷീണിപ്പിക്കുമെന്നും വ്യക്തമാക്കി. ഒന്ന് റിലാക്സ് ചെയ്യാൻ വേണ്ടി അടുത്ത സിനിമയുടെ ഷൂട്ടിങ്ങ് തുടങ്ങാൻ കാത്തിരിക്കുകയാണ് താനെന്നും പൃഥ്വിരാജ് വ്യക്തമാക്കി.
സംയുക്ത മേനോൻ ആണ് ‘കടുവ’യിൽ നായികയായി എത്തുന്നത്. ലൂസിഫർ എന്ന ചിത്രത്തിന് ശേഷം വിവേക് ഒബ് റോയി വില്ലൻ ആയി എത്തുന്നു എന്ന പ്രത്യേകതയും കടുവയ്ക്കുണ്ട്. കടുവക്കുന്നേല്‍ കുറുവച്ചന് എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ പൃഥ്വിരാജ് എത്തുന്നത്. മലയാളത്തിന് പുറമേ തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോനും ചേര്‍ന്നാണ് നിർമാണം. ജിനു എബ്രഹാമാണ് ചിത്രത്തിന്റെ രചന. ജേക്സ് ബിജോയ് സംഗീത സംവിധാനം. സായ് കുമാര്‍, സിദ്ദിഖ്, ജനാര്ദ്ദനന്, വിജയരാഘവന്, അജു വര്‍ഗീസ്, ഹരിശ്രീ അശോകന്, രാഹുല്‍ മാധവ്, കൊച്ചുപ്രേമന്, സീമ, പ്രിയങ്ക എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.]