തീയറ്ററിലും ഒടിടിയിലും ഒരുമിച്ച് സിനിമ റിലീസ് ചെയ്യുന്ന കാലമുണ്ടാകുമെന്ന് നടന് പൃഥ്വിരാജ്. സിനിമ എവിടെ വച്ച് കാണണമെന്ന് തീരുമാനിക്കുന്നത് പ്രേക്ഷകരാണ്. അവരുടെ തീരുമാനങ്ങള്‍ക്കനുസരിച്ച് വിട്ടേ മതിയാകൂ. ഒടിടിയില്‍ റിലീസ് ചെയ്യുന്നതുകൊണ്ട് എതിര്‍ക്കുകയോ വിലക്കേര്‍പ്പെടുത്തുകയോ ചെയ്തിട്ട് കാര്യമില്ലെന്നും പൃഥ്വിരാജ് സിനിമഡാഡിക്ക് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
ഒടിടികള്‍ വ്യാപകമായാല്‍ തീയറ്ററുകള്‍ പൂട്ടില്ലേ എന്ന ചോദ്യം ഉണ്ടാകാം. എന്നാല്‍ അങ്ങനെ ഉണ്ടാകില്ല. ഇപ്പോള്‍ തീയറ്ററുകളും ഒടിടി പ്ലാറ്റ്ഫോമുകളും എല്ലാം കൂടി അണ്സ്ട്രക്ചറല് ആണ്. അതിനൊരു രൂപം വരുന്ന കാലം വരും. നാല് വര്‍ഷങ്ങള്‍ക്ക് ശേഷം സിനിമ ചാനലുകളില്‍ പ്രീമിയര്‍ ചെയ്യുന്ന ഒരു രീതി വരും. അന്ന് ഇല്ല്യുമിനാറ്റി പൃഥ്വിരാജ് എന്ന് പറയും. താന്‍ പറയുന്നതിന് പ്രവചനത്തിന്റെ സ്വഭാവമില്ലെന്നും സംഭവിക്കാന്‍ പോകുന്ന കാര്യമാണിതെന്നും പൃഥ്വിരാജ് പറഞ്ഞു.
അതേസമയം, ജനഗണമന എന്ന തന്റെ പുതിയ ചിത്രത്തെക്കുറിച്ചും പൃഥ്വിരാജ് പ്രതികരിച്ചു. ഒരു സോഷ്യോ പൊളിറ്റിക്കല്‍ ത്രില്ലറാണ് ജനഗണമന എന്ന് പൃഥ്വിരാജ് പറഞ്ഞു. നമ്മള് ജീവിക്കുന്ന ചുറ്റുപാടുകളില്‍ നിന്നാണ് ചിത്രത്തിന്റെ കഥ രൂപപ്പെട്ടത്. സിനിമ പ്രേക്ഷകരെ ചിന്തിപ്പിക്കുകയും ത്രസിപ്പിക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായും പൃഥ്വിരാജ് പറഞ്ഞു.