പൃഥ്വിരാജ് നായകനായി എത്തുന്ന ‘തീർപ്പ്’ സിനിമ റിലീസിന് ഒരുങ്ങുകയാണ്. ഓഗസ്റ്റ് 25ന് ചിത്രം തിയറ്ററുകളിൽ റിലീസ് ചെയ്യും. മുരളി ഗോപി തിരക്കഥ എഴുതിയ സിനിമ സംവിധാനം ചെയ്തിരിക്കുന്നത് രതീഷ് അമ്പാട്ട് ആണ്. ഇന്ദ്രജിത്ത്, സൈജു കുറുപ്പ്, വിജയ് ബാബു എന്നിവരും പ്രധാനവേഷങ്ങളിൽ ചിത്രത്തിൽ എത്തുന്നുണ്ട്. മുരളി ഗോപിയുടെ മറ്റ് സിനിമകൾ പോലെ ഡെപ്ത് ഉള്ള കഥാപാത്രങ്ങളാണ് ഇതിലേതുമെന്ന് പൃഥ്വിരാജ് പറഞ്ഞു. ഫ്രൈഡേ ഫിലിം ഹൗസ് യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് പൃഥ്വിരാജ് ഇങ്ങനെ പറഞ്ഞത്.
തങ്ങളെല്ലാവരും അഭിനേതാക്കൾ എന്ന നിലയിൽ എൻജോയ് ചെയ്ത സിനിമയാണ് തീർപ്പ്. കാരണം, അഭിനേതാക്കളുടെ കഥാപാത്രങ്ങളാണ് ഈ കഥയെ മുന്നോട്ട് കൊണ്ടുപോകുന്നത്. ഈ സിനിമ കാണുമ്പോൾ സ്ഥിരം കാണുന്ന ഒരു സിനിമയാണെന്നുള്ള അഭിപ്രായം എന്തായാലും ഉണ്ടാകുമെന്ന് തോന്നുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. തീർപ്പ് എന്ന് പറയുമ്പോൾ നമ്മൾ ഒരു അവസാനം ആണല്ലോ പ്രതീക്ഷിക്കുന്നത്. എന്നാൽ, നമ്മൾ വിചാരിക്കുന്ന ഒരു അവസാനം തീർപ്പുകൾക്ക് ഉണ്ടാകാറില്ല. ഈ സിനിമയിൽ കേന്ദ്ര കഥാപാത്രമായി താൻ അഭിനയിക്കുന്നുണ്ടെന്ന് പറയാൻ കഴിയില്ലെന്നും എല്ലാ കഥാപാത്രങ്ങൾക്കും തുല്യമായ സമയവും പ്രാധാന്യവും സിനിമയിൽ ഉണ്ടെന്നും പൃഥ്വിരാജ് പറഞ്ഞു. എന്നാൽ, കഥയുടെ അന്തസത്ത എന്ന് പറയുന്നത് അബ്ദുള്ള മരക്കാർ എന്ന കഥാപാത്രവും അയാളുടെ ഭൂതകാലത്തിൽ സംഭവിച്ച ഒരു കാര്യവുമാണ്. ആഴത്തിലുള്ള മുറിവുകൾ മനസിലും ശരീരത്തിലും കൊണ്ടു നടക്കുന്നയാളാണ് അദ്ദേഹം. താൻ ചെയ്തിട്ടുള്ള കഥാപാത്രങ്ങളിൽ വളരെ കോംപ്ലക്സ് ഉള്ള കഥാപാത്രമാണ് അബ്ദുള്ള മരക്കാറുടേത് എന്നും പൃഥ്വിരാജ് പറഞ്ഞു.
ക്ലാസ് മേറ്റ്സ് പോലെയോ അമർ അക്ബർ അന്തോണി പോലെയോ ഉള്ള സൗഹൃദമല്ല സിനിമയിലെ നാലുപേരും തമ്മിലുള്ളത്. അതുകൊണ്ട് അത് പ്രതീക്ഷിച്ച് പോകരുത്. ഇവര് നാലുപേരും ഒറ്റയ്ക്ക് നിൽക്കുന്ന നാല് കഥാപാത്രങ്ങളാണ്. ഫ്രണ്ട്ഷിപ്പിന്റെ കഥ പറയുന്ന സിനിമയല്ല തീർപ്പെന്നും പൃഥ്വി വ്യക്തമാക്കി. ട്രസ്റ്റ് ഈസ് എ മിത്ത് എന്ന് പറയുന്നത് ഈ സിനിമയിൽ കറക്റ്റ് ആണ്. എന്നു വിചാരിച്ച് തനിക്കത് കറക്റ്റ് ആകണമെന്നില്ലെന്നും സിനിമയിൽ ഒരു പരസ്യവാചകം പറയുമ്പോൾ യൂണിവേഴ്സൽ ട്രൂത്ത് പറയുകയാണെന്ന് വിചാരിക്കരുതെന്നും അത് ആ സിനിമയ്ക്ക് വേണ്ടി മാത്രമുള്ളതാണെന്നും പൃഥ്വിരാജ് പറഞ്ഞു. കംപ്ലീറ്റ് ആയി സെറ്റ് ഇട്ടാണ് തീർപ്പ് ഷൂട്ട് ചെയ്തത്. ആ സെറ്റിൽ ഒരുപാട് പ്രോപ്പർട്ടീസ് ഉണ്ട്. വലിയ ഗോഡൗൺ എയർ കണ്ടീഷൻ ചെയ്ത് അതിനകത്താണ് സെറ്റിട്ട് ഷൂട്ട് ചെയ്തത്. താൻ ഈ സിനിമക്ക് ഓക്കേ പറയാൻ കാരണം പ്രൈമറി ലെയറിൽ തന്നെ ഈ സിനിമ അപ്പീലിങ്ങ് ആയതുകൊണ്ടാണെന്നും പൃഥ്വിരാജ് പറഞ്ഞു. കമ്മാരസംഭവം തനിക്ക് ഇഷ്ടപ്പെട്ട സിനിമയാണെന്നും പൃഥ്വിരാജ് പറഞ്ഞു. രതീഷ് അമ്പാട്ട് ഇൻഡസ്ട്രിയിൽ വളരെ റെസപെക്റ്റഡ് ആയിട്ടുള്ള സംവിധായകൻ ആണ്. കടുവയുമായിട്ടോ ജനഗണമന ആയിട്ടോ പോലും താരതമ്യം ചെയ്യാൻ കഴിയുന്ന ഒന്നല്ല തീർപ്പ്. കടുവയിലെ പോലെ മാസ് രംഗങ്ങളോ ജനഗണമനയിലെ പോലെ പഞ്ച് ഡയലോഗുകളോ ഈ സിനിമയിൽ ഇല്ല. എല്ലാത്തരം സിനിമകളും ഉണ്ടാകണമെന്നും എല്ലാത്തരം സിനിമകളിലും അഭിനയിക്കാൻ കഴിയണമെന്നും വിചാരിക്കുന്ന ആളാണ് താനെന്നും പൃഥ്വി പറഞ്ഞു. തീർപ്പ് എല്ലാവരും തിയറ്ററിൽ തന്നെ പോയി കാണണമെന്നും പൃഥ്വിരാജ് പറഞ്ഞു.