പ്രശസ്ത എഴുത്തുകാരൻ ബെന്യാമിന്റെ പ്രസിദ്ധമായ നോവലായ ‘ആടുജീവിതം’ ആസ്പദമാക്കി സംവിധായകൻ ബ്ലസി ഒരുക്കുന്ന ചിത്രമായ ആടുജീവിതത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായി. പൃഥ്വിരാജ് ആണ് സോഷ്യൽ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചത്. ‘ആയിരം പ്രതിബന്ധങ്ങൾ, ദശലക്ഷം വെല്ലുവിളികൾ, ഒരു മഹാമാരിയുടെ മൂന്ന് തരംഗങ്ങൾ. ഒരു അതിമനോഹരമായ കാഴ്ച. ബ്ലസിയുടെ ആടുജീവിതം പാക്ക് അപ്പ്’ എന്നാണ് പൃഥ്വിരാജ് കുറിച്ചത്. പൃഥ്വിരാജ് നായകനാകുന്ന ചിത്രത്തിൽ വൻ താരനിരയാണ് അണി നിരക്കുന്നത്. നാലര വർഷത്തോളം വിവിധ ഷെഡ്യൂളുകൾ ആയിട്ടായിരുന്നു ആടുജീവിതത്തിന്റെ ഷൂട്ടിംഗ്. ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി ബ്ലസിയും പൃഥ്വിരാജും ഉൾപ്പെടെയുള്ള സംഘം ജോർദാനിൽ എത്തിയപ്പോൾ ആയിരുന്നു ആദ്യമായി ലോകം മുഴുവൻ അടച്ചിടാനുള്ള തീരുമാനം ഉണ്ടായത്.
നാലരവർഷം നീണ്ടുനിന്ന ചിത്രീകരണത്തിന് ജൂലൈ 14നാണ് സമാപനമായത്. മലയാള സിനിമയുടെ ചരിത്രത്തിൽ ഇത്രയേറെ നീണ്ട ഷെഡ്യൂളുകൾ ഉണ്ടായ വേറൊരു ചിത്രം ഉണ്ടാകില്ല. ചിത്രീകരണത്തിനായി 160ലേറെ ദിവസങ്ങളാണ് വേണ്ടി വന്നത്. നാലര വർഷത്തോളമാണ് അത് പൂർത്തിയാക്കാൻ സംവിധായകനും അണിയറപ്രവർത്തകർക്കും കാത്തിരിക്കേണ്ടി വന്നത്. ചിത്രത്തിന്റെ അവസാന ഷെഡ്യൂൾ റാന്നിയിൽ ആയിരുന്നു.
2018 ഫെബ്രുവരിയിലാണ് ആടുജീവിതത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചത്. പത്തനംതിട്ടയിൽ ആയിരുന്നു ചിത്രീകരണം തുടങ്ങിയത്. പിന്നീട് പാലക്കാട് കുറച്ച് ഭാഗങ്ങൾ ചിത്രീകരിച്ചു. അതേവർഷം ജോർദ്ദാനിലും ചിത്രീകരണം നടന്നു. ആദ്യഘട്ടത്തിലെ 30 ദിവസത്തെ ജോർദാൻ ഷൂട്ടിംഗിനു ശേഷം 2019ൽ ജോർദാനിലേക്ക് പോകാൻ പദ്ധതിയിട്ടെങ്കിലും പൃഥ്വിയുടെ ഡേറ്റ് ക്ലാഷ് കാരണം ഷൂട്ടിംഗ് മാറ്റിവെച്ചു. തുടർന്ന് 2020ൽ ഷൂട്ടിംഗിനായി ജോർദാനിൽ എത്തിയപ്പോൾ ആയിരുന്നു കോവിഡ് വ്യാപനം. ഇതിനെ തുടർന്ന് 65 ദിവസത്തോളം ബ്ലസിയും സംഘവും ജോർദാനിൽ കുടുങ്ങിക്കിടന്നു. ഗള്‍ഫില്‍ ജോലിക്കായി പോയി മരുഭൂമിയില്‍ ചതിയില്‍ കുടുങ്ങിയ നജീബിന്റെ ജീവിതമാണ് നോവലിന്റെ ഇതിവൃത്തം.
14 years, a thousand obstacles, a million challenges, three waves of a pandemic…one spectacular vision!
Blessy’s #AADUJEEVITHAM … PACK UP! pic.twitter.com/yVBJVKBJU3— Prithviraj Sukumaran (@PrithviOfficial) July 14, 2022