നടൻ പൃഥ്വിരാജ് സുകുമാരൻ പ്രധാനവേഷത്തിൽ എത്തുന്ന ചിത്രം ‘ജനഗണമന’ ഏപ്രിൽ 28ന് റിലീസ് ചെയ്യും. ക്വീൻ എന്ന ചിത്രത്തിന് ശേഷം ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ചിത്രമാണ് ജനഗണമന. ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂടും ഒരു പ്രധാനവേഷത്തിൽ എത്തുന്നുണ്ട്. ‘മനസ്സാക്ഷിയുടെ കാര്യങ്ങളിൽ ഭൂരിപക്ഷ നിയമത്തിന് സ്ഥാനമില്ല’ എന്ന മഹാത്മ ഗാന്ധിയുടെ വാചകം പങ്കുവെച്ച് കൊണ്ടായിരുന്നു ചിത്രത്തിന്റെ റിലീസ് ഡേറ്റ് പൃഥ്വിരാജ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്.
ഒരു കുറ്റവാളിയും പൊലീസുകാരനും തമ്മിലുള്ള നേർക്കുനേർ ഏറ്റുമുട്ടലിന്റെ കഥയാണ് ചിത്രം പറയുന്നതെന്നാണ് റിപ്പോർട്ടുകൾ. ഡ്രൈവിംഗ് ലൈസൻസിനു ശേഷം പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും വീണ്ടും ഒരുമിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോനും മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും ചേർന്നാണ് സിനിമ നിർമിക്കുന്നത്. ശ്രീദിവ്യ, ധ്രുവൻ, ഷാരി, ഷമ്മി തിലകൻ, രാജ കൃഷ്ണമൂർത്തി എന്നിവരും ചിത്രത്തിൽ അഭിനേതാക്കളായി എത്തുന്നു.
ഷാരിസ് മൊഹമ്മദ് ആണ് ചിത്രത്തിന്റെ തിരക്കഥ. ബ്രോ ഡാഡിയാണ് പൃഥ്വിരാജ് അഭിനയിച്ച് പുറത്തിറങ്ങിയ അവസാന സിനിമ. മോഹൻലാലിനെ നായകനാക്കിയുള്ള ബ്രോ ഡാഡിയുടെ സംവിധാനവും പൃഥ്വിരാജ് തന്നെയായിരുന്നു. ഛായാഗ്രഹണം- സുദീപ് ഏലമണ് . എഡിറ്റിംഗ്- ശ്രീജിത്ത് സാരംഗ്.