ചിരഞ്ജീവി, രവി തേജ, ബോബി സിംഹ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ‘വാള്‍ട്ടയര്‍ വീരയ്യ’ എന്ന ചിത്രത്തിന്റെ വിജയാഘോഷത്തില്‍ വികാരഭരിതനായി നടന് രാം ചരണ്‍ തേജ. ചിത്രത്തിന്റെ നിര്‍മാതാക്കള്‍ ഉള്‍പ്പെടെയുള്ളവരെ അഭിനന്ദിച്ച താരം സിനിമ നാട്ടില്‍ കാണാന്‍ സാധിക്കാത്തതിന്റെ വിഷമവും പങ്കുവച്ചു.
നിര്‍മ്മാതാക്കളായ നവീനിനും രവിക്കും പ്രസംഗത്തിലുടനീളം രാംചരണ്‍ അഭിനന്ദനങ്ങള്‍ അറിയിച്ചു. അവര്‍ തനിക്ക് രംഗസ്ഥലം പോലൊരു നാഴികക്കല്ല് സമ്മാനിച്ചുവെന്ന് പറഞ്ഞ രാംചരണ്‍ അവര്‍ക്കൊപ്പം പ്രവര്‍ത്തിച്ച എല്ലാ നായകന്മാര്ക്കും കരിയറിലെ മികച്ച സിനിമകള്‍ നല്കുന്ന നിര്‍മ്മാതാക്കളാണ് അവരെന്നും അഭിപ്രായപ്പെട്ടു. അവര്‍ അര്‍പ്പണബോധമുള്ള നിര്‍മ്മാതാക്കളാണ്. ശരിക്കും ധൈര്യശാലികളായ നിര്‍മ്മാതാക്കള്‍. ബോബിക്ക് വലിയ അഭിനന്ദനങ്ങള്‍. താന്‍ യുഎസില്‍ ആയിരുന്നപ്പോള്‍ റിലീസ് ചെയ്ത സിനിമയാണിത്, റിലീസ് സമയത്ത് നാട്ടില്‍ നിന്നും സിനിമ കാണാന്‍ സാധിക്കാതെ വളരെ അക്ഷമനായാണ് താന്‍ അവിടെ ഇരുന്നതെന്നും രാം ചരണ്‍ പറഞ്ഞു.
രവി തേജ ഒരു സീരിയസ് കഥാപാത്രത്തെ കാണുന്നത് താന്‍ ആസ്വദിച്ചു. അത് പോരാ എന്ന് തനിക്ക് തോന്നി. അങ്ങനെ നെറ്റ്ഫ്ളിക്സില്‍ അവന്റെ ധമാക്ക കണ്ടു. മൂന്ന് അതിമനോഹരമായ ഗാനങ്ങളും സിനിമയുടെ വിജയത്തിന് പ്രധാന കാരണം ആണെന്ന് വിശ്വസിക്കുന്നു. ദേവിശ്രീ പ്രസാദിന് അഭിനന്ദനങ്ങള്‍. സിനിമയില്‍ പ്രവര്‍ത്തിച്ച എല്ലാവര്ക്കും രാംചരണ്‍ അഭിനന്ദനം അറിയിച്ചു. ജനുവരി 13നാണ് ചിത്രം തീയറ്ററുകളില്‍ എത്തിയത്. തെലുങ്കിലെ നോണ്‍ എസ്.എസ്. ആര് റെക്കോര്‍ഡ് ചിത്രം തകര്‍ത്തിരുന്നു. മൈത്രി മൂവി മേക്കേഴ്സിന്റെ ബാനറില്‍ നവീന്‍ യേര്‍നേനിയും വൈ രവിശങ്കറുമാണ് ചിത്രം നിര്‍മിച്ചത്.