രമേഷ് പിഷാരടി കേന്ദ്രകഥാപാത്രമായി എത്തുന്ന ത്രില്ലര്‍ ചിത്രമാണ് നോ വേ ഔട്ട്. ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തെ പ്രേക്ഷകര്‍ നോക്കിക്കാണുന്നത്. ചിത്രത്തിന്റെ ട്രെയിലറിനും പാട്ടിനുമെല്ലാം മികച്ച പ്രതികരണമാണ് ലഭിച്ചത്. ഇപ്പോഴിതാ ചിത്രത്തിലെ കഥാപാത്രത്തെകുറിച്ചും അതിനെടുത്ത എഫേര്ട്ടിനെക്കുറിച്ചുമെല്ലാം മനസ് തുറക്കുകയാണ് നടന് രമേഷ് പിഷാരടി.
ബിസിനസൊക്കെ ചെയ്യുന്ന സാധാരണക്കാരനായ ഒരാളെയാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നതെന്ന് രമേഷ് പിഷാരടി പറഞ്ഞു. മുന്‍പ് കണ്ട് പരിചയമില്ലാത്ത സര്‍വൈവര്‍ ജോര്ണലില്പ്പെടുന്നതാണ് ചിത്രം. ഒരു പ്രധാന കഥാപാത്രത്തെ തെരഞ്ഞെടുക്കുമ്പോള്‍ ഏറെ ആലോചിച്ചിട്ടാണ് ചെയ്യുന്നത്. കപ്പല്‍ മുതലാളി എന്ന ചിത്രത്തിന് ശേഷം ഒരുപാട് കഥകള്‍ കേട്ടിരുന്നു. താനത് ചെയ്താല്‍ അയാള്‍ കൂടി ബുദ്ധിമുട്ടിലാകുമെന്ന് കരുതി അതൊന്നും എടുത്തിട്ടില്ല. നോ വേ ഔട്ട് തനിക്ക് പറ്റുമെന്ന് തോന്നി. അതുകൊണ്ടാണ് ചിത്രം തെരഞ്ഞെടുത്തതെന്ന് രമേഷ് പിഷാരടി പറഞ്ഞു.
അടുത്ത കാലത്ത് താന്‍ ചെയ്തതില്‍ ഏറ്റവും കൂടുതല്‍ ഫിസിക്കല്‍ പേയ്ന്‍ ഉണ്ടായ ചിത്രമാണ് നോ വേ ഔട്ടെന്ന് രമേഷ് പിഷാരടി പറയുന്നു. കുറേ ദിവസം വള്ളിയില്‍ തൂങ്ങി നില്‍ക്കേണ്ടി വന്നിട്ടുണ്ട്. ശരീരം മുറിയുന്ന സാഹചര്യമുണ്ടായിരുന്നു. എന്നാല്‍ അതൊന്നും തന്നെ ബാധിച്ചില്ല. അതൊക്കെ പ്രൊഫഷന്റെ ഭാഗമാണ്. ഇഷ്ടപ്പെട്ടു തന്നെയാണ് ആ രംഗങ്ങള്‍ ചെയ്തതെന്നും രമേഷ് പിഷാരടി പറഞ്ഞു.