മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടനാണ് മമ്മൂട്ടി. അദ്ദേഹം ചെയ്ത സിനിമകളിൽ സി ബി ഐ ചിത്രങ്ങൾക്ക് എന്നും ഒരു പ്രത്യേകതയുണ്ട്. സേതുരാമയ്യർ എന്ന സി ബി ഐ ഉദ്യോഗസ്ഥനായി അന്വേഷണങ്ങൾ നടത്തി മലയാളികളുടെ മനസിലേക്കാണ് മമ്മൂട്ടി നടന്നുകയറിയത്. ഇന്ത്യയിലെ തന്നെ എക്കാലത്തെയും മികച്ച സീക്വൽ ചിത്രങ്ങളുടെ ഗണത്തിൽ ഉൾപ്പെടുത്താവുന്ന ചിത്രം കൂടിയാണ് സിബിഐ സീരീസിൽ എത്തിയ ചിത്രങ്ങൾ. മമ്മൂട്ടി – കെ മധു – എസ് എൻ സ്വാമി കൂട്ടുകെട്ടിൽ ഇറങ്ങിയ സി ബി ഐ ചിത്രങ്ങൾ മലയാളസിനിമയ്ക്ക് പുതിയ ഒരു തലം സമ്മാനിച്ചു.
സി ബി ഐ സീരീസിലെ ആദ്യചിത്രമായി എത്തിയത് 1988ൽ പുറത്തിറങ്ങിയ സി ബി ഐ ഡയറിക്കുറിപ്പ് ആയിരുന്നു. തൊട്ടടുത്ത വർഷം തന്നെ സി ബി ഐ സീരീസിലെ രണ്ടാമത്തെ ചിത്രമായ ജാഗ്രതയും പുറത്തിറങ്ങി. വൻ വിജയമായിരുന്നു ഈ രണ്ട് ചിത്രങ്ങൾക്കും ലഭിച്ചത്. തുടർന്ന് 2004ൽ സേതുരാമയ്യർ സി ബി ഐയും 2005ൽ നേരറിയാൻ സി ബി ഐയും എത്തി. സി ബി ഐ സീരീസിലെ അഞ്ചാമത്തെ ചിത്രമായ ‘സി ബി ഐ 5 ദ ബ്രയിൻ’ ആണ് ഇപ്പോൾ തിയറ്റർ റിലീസിന് ഒരുങ്ങുന്നത്.
ചിത്രത്തെക്കുറിച്ച് നടനും സംവിധായകനുമായ രമേഷ് പിഷാരടി പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. സിനിമ ഡാഡിക്ക് നൽകിയ അഭിമുഖത്തിലാണ് സി ബി ഐ 5നെക്കുറിച്ചും ജഗതി ശ്രീകുമാറിന്റെ വേഷത്തെക്കുറിച്ചും രമേഷ് പിഷാരടി മനസു തുറന്നത്. ജഗതിചേട്ടനും സിനിമയിലുണ്ട്. ജഗതി ചേട്ടന്റെ സീൻ തിയറ്ററിൽ വരുമ്പോൾ ഒരു കൈയടി സീൻ ആയിരിക്കും’ എന്നാണ് രമേഷ് പിഷാരടി പറഞ്ഞത്. ചിത്രത്തിലൂടെ ജഗതി ശ്രീകുമാർ വലിയൊരു തിരിച്ചുവരവ് തന്നെ ആയിരിക്കും നടത്തുകയെന്നും പിഷാരടി വ്യക്തമാക്കി. ചിത്രത്തിൽ സി ബി ഐ ഉദ്യോഗസ്ഥൻ ആയാണ് രമേഷ് പിഷാരടി എത്തുന്നത്. സായികുമാര്‍, ദിലീഷ് പോത്തന്, സൗബിന് ഷാഹിര്‍, ആശ ശരത്ത്, മാളവിക മേനോന് എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. അഖില്‍ ജോര്‍ജാണ് സി ബി ഐ 5ന് ക്യാമറ ചലിപ്പിക്കുന്നത്. ജേക്സ് ബിജോയാണ് സംഗീതം. മെയ് ഒന്നിന് ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്.