നഗ്ന ഫോട്ടോഷൂട്ട് വിവാദത്തില്‍ നടന് രണ്‍വീര്‍ സിംഗിന്റെ മൊഴിയുടെ വിവരങ്ങള്‍ പുറത്ത്. പ്രചരിച്ച ചിത്രങ്ങളില്‍ ഒന്ന് മോര്‍ഫ് ചെയ്തതാണെന്നാണ് നടന് പറയുന്നത്. ഫോട്ടോയില്‍ കാണുന്ന തരത്തിലല്ല തന്റെ ചിത്രം ഷൂട്ട് ചെയ്തതെന്നും ഇത് മോര്‍ഫ് ചെയ്തതാണെന്നും നടന് പറയുന്നു. ഓഗസ്റ്റ് 29നാണ് രണ്‍വീറിന്റെ മൊഴി രേഖപ്പെടുത്തിയത്. ഇപ്പോഴാണ് ഇതിന്റെ വിശദാംശങ്ങള്‍ പുറത്തുവന്നത്.
രണ്‍വീറിന്റെ നഗ്ന ഫോട്ടോകള്‍ പൊലീസ് കാണിച്ചിരുന്നു. അതില്‍ സ്വകാര്യ ഭാഗങ്ങള്‍ വ്യക്തമാകുന്ന തരത്തിലുള്ള ഫോട്ടോയില്‍ കൃത്രിമത്വം നടന്നിട്ടുണ്ടെന്നാണ് രണ്‍വീര്‍ പറയുന്നത്. അമേരിക്കന്‍ നടനായ ബട്ട് റേനള്‍ഡിന്റെ പ്രസിദ്ധമായ ചിത്രം പുനരാവിഷ്കരിക്കാനുള്ള ശ്രമത്തില്‍ നിലത്ത് നഗ്നനായി ഇരിക്കുന്ന ചിത്രം രണ്‍വീര്‍ പുറത്തുവിട്ടിരുന്നു. ഇത് മോര്‍ഫ് ചെയ്തതാണെന്നാണ് താരം പറയുന്നത്. രണ്‍വീറിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ വിശദമായ അന്വേഷണം നടത്താനാണ് പൊലീസിന്റെ തീരുമാനം.
ജൂലൈയിലായിരുന്നു രണ്‍വീറിന്റെ വിവാദഫോട്ടോഷൂട്ട് നടന്നത്. ഒരു മാഗസിന് വേണ്ടിയായിരുന്നു താരം ഫോട്ടോഷൂട്ട് നടത്തിയത്. ചിത്രങ്ങള്‍ താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു. ഇതിന് പിന്നാലെയാണ് താരത്തിനെതിരെ പരാതി ഉയര്‍ന്നത്. ഒരു എന്‍ജിഒ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ രണ്‍വീറിനെതിരെ മുംബൈ ചെമ്പൂര് പൊലീസ് കേസെടുത്തു. ഐപിസി സെക്ഷന്‍ 292, 294 വകുപ്പുകളും ഐടി നിയമത്തിന്റെ 509, 67 (എ) വകുപ്പുകളും ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്.