സിനിമയിൽ കാണുന്ന താരങ്ങളേക്കാൾ സിനിമയ്ക്ക് പുറത്തുള്ള താരങ്ങളുടെ ജീവിതം അറിയാനാണ് പ്രേക്ഷകർക്ക് എന്നും താൽപര്യം. അതുകൊണ്ടു തന്നെയാണ് സിനിമാ താരങ്ങളുടെ വ്യക്തിജീവിതവും സ്വകാര്യജീവിതവും ഇത്രയധികം ചർച്ച ചെയ്യപ്പെടുന്നതും. ഇപ്പോൾ ഇത്തരത്തിൽ സോഷ്യൽ മീഡിയയിൽ ചർച്ചയായി കൊണ്ടിരിക്കുന്നത് നടൻ സായ് കുമാറിന്റെ സ്വകാര്യജീവിതത്തെക്കുറിച്ചാണ്. കഴിഞ്ഞയിടെ ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ നടിയും ജീവിതപങ്കാളിയുമായ ബിന്ദു പണിക്കരെക്കുറിച്ച് ചോദിച്ചപ്പോൾ അതേക്കുറിച്ച് സംസാരിക്കേണ്ടതില്ലെന്ന് ആയിരുന്നു സായ് കുമാർ നൽകിയ മറുപടി. എന്നാൽ, ആദ്യ വിവാഹത്തെക്കുറിച്ച് സായ് കുമാർ സംസാരിക്കുകയും ചെയ്തിരുന്നു. എന്നാൽ, ഇത് ചില മാധ്യമങ്ങൾ വളച്ചൊടിച്ച് ഇരുവരും വിവാഹമോചിതരാകാൻ പോകുകയാണെന്ന് റിപ്പോർട്ട് ചെയ്തു. ഇപ്പോൾ ഇത്തരത്തിലുള്ള വാർത്തകൾക്ക് മറുപടി പറയുകയാണ് സായ് കുമാർ.
എല്ലാവരും ഇപ്പോൾ ഇതിനെക്കുറിച്ച് അറിയാനാണ് താൽപര്യപ്പെടുന്നത്. താനും ബിന്ദുവും വേർപിരിഞ്ഞോ എന്നാണ് എല്ലാവർക്കും അറിയേണ്ടതെന്ന് സായ് കുമാർ പറഞ്ഞു. ഇതിനെക്കുറിച്ച് സായ് കുമാർ ഒരു മാധ്യമത്തിനോട് പറഞ്ഞത് ഇങ്ങനെ, ‘ഞാനും ബിന്ദുവും വേർപിരിഞ്ഞോയെന്നാണ് എല്ലാവർക്കും അറിയേണ്ടത്. നിരവധി ഫോൺ കോളുകളാണ് വന്നു കൊണ്ടിരിക്കുന്നത്. അഭിമുഖം അവരൊക്കെ കണ്ടോയെന്ന് അറിയില്ല. കണ്ടിട്ടുണ്ടായിരുന്നെങ്കിൽ ഇങ്ങനെയൊന്നും എഴുതി വെക്കില്ലായിരുന്നു. സന്തോഷത്തോടെ ഞങ്ങൾ ജീവിക്കുന്നത് ആർക്കും ഇഷ്ടമല്ലെന്നാണ് തോന്നുന്നത്.’ – സായ് കുമാർ ഇത്തരത്തിലുള്ള വാർത്തകളോട് പ്രതികരിച്ചത് ഇങ്ങനെ ആയിരുന്നു. ഇതുവരെ വിളിക്കാത്തവർ പോലും തങ്ങൾ തമ്മിൽ എന്തെങ്കിലും പ്രശ്നമുണ്ടോയെന്ന് അറിയാൻ വിളിച്ചെന്നും സായ് കുമാർ പറഞ്ഞു.
താൻ നൂറ്റൊന്ന് ശതമാനം തൃപ്തനാണ്. പിരിഞ്ഞോയെന്ന് അറിയാൻ വിളിക്കുന്നവർക്ക് ഇന്ന് രാവിലെ പിരിഞ്ഞെന്നാണ് ഞാൻ മറുപടി കൊടുക്കുന്നത്. അത് കേട്ടിട്ട് അവർക്ക് സന്തോഷമാകുമെങ്കിൽ സന്തോഷമാകട്ടെ. തങ്ങളോട് മാത്രമല്ല മകളോടും ഈ ചോദ്യങ്ങൾ ആളുകൾ ചോദിക്കുന്നുണ്ടെന്നും സായി കുമാർ പറഞ്ഞു. ബിന്ദു പണിക്കരെ ജീവിതത്തിൽ ഒപ്പം കൂട്ടാനെടുത്ത തീരുമാനം ശരിയായിരുന്നെന്നും അവരോടൊപ്പമുള്ള ജീവിതത്തിൽ 101 ശതമാനം തൃപ്തനാണ് താനെന്നും സായ് കുമാർ വ്യക്തമാക്കി. സായ് കുമാറും ബിന്ദു പണിക്കറും മകൾ കല്യാണിക്ക് ഒപ്പമുള്ള വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്.