നടൻ സായ് കുമാർ ചെയ്ത വില്ലൻ വേഷങ്ങളിൽ ഏറ്റവും ശ്രദ്ധേയമായ വില്ലൻ വേഷമായിരുന്നു കുഞ്ഞിക്കൂനൻ എന്ന ചിത്രത്തിലെ ഗരുഡൻ വാസു എന്ന കഥാപാത്രം. ഈ സിനിമയിൽ വളരെ വേറിട്ട ഒരു ഗെറ്റപ്പിൽ ആയിരുന്നു സായ് കുമാർ പ്രത്യക്ഷപ്പെട്ടത്. എന്നാൽ, കുഞ്ഞിക്കൂനനിലെ ഗരുഡൻ വാസു എന്ന കഥാപാത്രമായി തന്നെ മാറ്റിയെടുക്കാൻ മേക്കപ്പ് മാൻ പട്ടണം റഷിദ് നടത്തിയ ശ്രമങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് സായ് കുമാ൪. കാൻ ചാനൽ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് സായ് കുമാർ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
താൻ അഭിനയിച്ചതിൽ ഏറ്റവും വ്യത്യസ്തമായ വില്ലൻ വേഷമായിരുന്നു കുഞ്ഞിക്കൂനനിലെ ഗരുഡൻ വാസു എന്ന് സായ് കുമാർ പറഞ്ഞു. ‘പട്ടണം റഷീദ് ആയിരുന്നു ചിത്രത്തിൽ മേക്കപ്പ് മാൻ. ഗരുഡൻ വാസുവിന്റെ രൂപത്തിലേക്ക് എന്നെ എത്തിക്കുക എന്നത് ശ്രമകരമായിരുന്നു. അതിനായി മുടി പറ്റെ വെട്ടി. തുടർന്ന് തലയിൽ ബ്രൗൺ കളർ പൂശി. അതുകഴിഞ്ഞ് കഥകളിക്കാർ കണ്ണ് ചുവപ്പിക്കാൻ ഉപയോഗിക്കുന്ന ചുണ്ടപ്പൂവ് എന്ന പൊടി തേച്ചു. ചെവിയിൽ രോമം വെച്ചു. കൂടാതെ വയറ് തോന്നിക്കാൻ ഒരു തുണി തയ്ച്ചു കെട്ടി’ – സായ് കുമാർ കാൻമീഡിയ ചാനലിനോട് മനസ് തുറന്നു. എന്നാൽ ഇത്രയും ചെയ്തിട്ടും ഒരു കുറവ് തോന്നിയ പട്ടണം റഷീദ് മീശചാക്ക് തുറന്ന് അതിനുള്ളിൽ നിന്ന് ഒരു മീശ സംഘടിപ്പിച്ചു. അതുകൂടി വെച്ചു കഴിഞ്ഞപ്പോൾ ശരിക്കും ഗരുഡൻ വാസുവായി മാറിയെന്ന് സായ് കുമാർ പറഞ്ഞു.
സിനിമയിൽ സായ് കുമാറിന്റെ കഥാപാത്രത്തിന്റെ ക്ലൈമാക്സ് ഫൈറ്റ് സീൻ മഴയത്ത് ആയിരുന്നു. അതിനു വേണ്ടി കുറച്ചു ക്വാളിറ്റിയുള്ള മീശ ഓർഡർ ചെയ്തെങ്കിലും വന്ന മീശയുംമ ഉപയോഗിച്ചു കൊണ്ടിരുന്നു മീശയും തമ്മിൽ യാതൊരു സാമ്യവും ഇല്ലായിരുന്നു. തുടർന്ന് മഴ നനഞ്ഞുള്ള ഫൈറ്റ് മാറ്റി നോർമൽ ഫൈറ്റ് ആക്കി മാറ്റുകയായിരുന്നു. ചിത്രത്തിന് വേണ്ടി പത്തു മിനിറ്റ് മാത്രമാണ് ഡബ്ബ് ചെയ്തത്. ചുരുങ്ങിയ ദിവസം കൊണ്ട് ആ സിനിമ പൂർത്തിയാക്കിയെന്നും സായ് കുമാർ പറഞ്ഞു. നവ്യ നായര്, മന്യ, ദിലീപ് എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തിയ സിനിമ ആയിരുന്നു കുഞ്ഞിക്കൂനൻ. ആറാട്ട്, സല്യൂട്ട് എന്നിവയാണ് സായ് കുമാറിന്റെ അടുത്തിടെ പുറത്തിറങ്ങിയ ചിത്രങ്ങൾ. മമ്മൂട്ടിയെ നായകനാക്കി കെ മധു സംവിധാനം ചെയ്യുന്ന ചിത്രമായ സി ബി ഐ 5ലും സായ് കുമാർ അഭിനയിക്കുന്നുണ്ട്.