ചായ കുടിക്കാൻ പോയ തങ്ങളെ പൊലീസ് കള്ളക്കേസിൽ കുടുക്കിയെന്ന് ആരോപിച്ച് നടൻ സനൂപും എഡിറ്റർ രാഹുൽ രാജും. റാസ്പുടിൻ ഡാൻസിലൂടെ ശ്രദ്ധ നേടിയ താരമാണ് സനൂപ്. ഇരുവരും ചായ കുടിക്കാൻ പോയ സമയത്ത് പൊലീസ് തങ്ങളെ ഭീഷണിപ്പെടുത്തിയെന്നാണ് സനൂപും രാഹുലും ആരോപിക്കുന്നത്. കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയതിന് എറണാകുളം നോര്‍ത്ത് പൊലീസ് ഇവർക്ക് എതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. കേസില്‍ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ശേഷമായിരുന്നു നടന്റെ പ്രതികരണം. ലഹരി ഉപയോഗിച്ചെന്ന് കുറ്റപ്പെടുത്തിയതിനൊപ്പം സിനിമയില്‍ അഭിനയിക്കാനുള്ള അവസരം ഇല്ലാതാക്കുമെന്ന് പൊലീസ് ഭീഷണിപ്പെടുത്തിയതായും സനൂപ് ആരോപിച്ചു.
സിനിമയുടെ ഷൂട്ടിംഗിനായി എറണാകുളത്ത് എത്തിയപ്പോൾ ആയിരുന്നു സംഭവം. ചിത്രീകരണത്തിന് ശേഷം രാത്രി ഒരു മണിക്ക് കലൂര്‍ ദേശാഭിമാനി ജംഗ്ഷനില്‍ ചായ കുടിക്കാന്‍ പോയതായിരുന്നു. അവിടെ വച്ച് പൊലീസ് വണ്ടിയുടെ രേഖകള്‍ ചോദിച്ചു. എല്ലാം കൃത്യമാണെന്ന് പറഞ്ഞപ്പോള്‍ അടുത്ത ദിവസം സ്റ്റേഷനിലെത്താന്‍ ആവശ്യപ്പെട്ടു. അടുത്ത ദിവസം ചിത്രീകരണത്തില്‍ പങ്കെടുക്കേണ്ടതിനാല്‍ ഇപ്പോള്‍ തന്നെ രേഖകള്‍ കാണിക്കാമെന്ന് പറഞ്ഞപ്പോള്‍ വാഹനം മോഷ്ടിച്ചതാണെന്ന രീതിയില്‍ പൊലീസ് സംസാരിച്ചു. മോഷ്ടിച്ചതാണെന്ന് ആരോപിച്ചപ്പോള്‍ പേടിയായി. അപ്പോൾ വീഡിയോ ചിത്രീകരിക്കുകയായിരുന്നെന്നും സനൂപും രാഹുലും പറഞ്ഞു.
എന്നാൽ വീഡിയോ റെക്കോർഡ് ചെയ്തത് ഇഷ്ടപ്പെടാതിരുന്ന പൊലീസ് ഫോണ്‍ എറിഞ്ഞു പൊട്ടിക്കുകയും ശാരീരികമായി ആക്രമിക്കുകയുമായിരുന്നു. ജനങ്ങള്‍ കൂടിയപ്പോള്‍ തങ്ങൾ ലഹരി ഉപയോഗിച്ചതായി പറഞ്ഞു. സ്റ്റേഷനില്‍ എത്തിയതിന് ശേഷം പൊലീസിനെ തല്ലിയെന്ന ആരോപണം ഉന്നയിച്ചു. എന്നാൽ പൊലീസ് ഈ പറയുന്നതെല്ലാം വ്യാജമാണ് എന്നാണ് സനൂപ് പറയുന്നത്.