സോഷ്യല്‍ മീഡിയയില്‍ നടന് ഉണ്ണി മുകുന്ദനുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നത്തെക്കുറിച്ച് നടന് സന്തോഷ് കീഴാറ്റൂര്‍. 2021 ല്‍ ഹനുമാന് ജയന്തി ആശംസകള്‍ അര്‍പ്പിച്ച് ഉണ്ണി മുകുന്ദന് പങ്കുവച്ച പോസ്റ്റിന് താഴെ സന്തോഷ് പങ്കുവച്ച കമന്റാണ് പ്രശ്നത്തിന് കാരണമായത്. ‘ഹനുമാന് സ്വാമി കൊറോണയില്‍ നിന്ന് നാടിനെ രക്ഷിക്കുമോ’ എന്നായിരുന്നു സന്തോഷ് നല്കിയ മറുപടി. ഇതിന്റെ പേരില്‍ തനിക്ക് വധഭീഷണി ഉണ്ടായതായി സന്തോഷ് പറയുന്നു.
ഒന്നു രണ്ട് ചിത്രങ്ങളില്‍ താനും ഉണ്ണിയും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. അന്ന് താന്‍ ബുദ്ധിമോശത്തില്‍ കമന്റിട്ടതാണെന്ന് സമ്മതിച്ചിരുന്നു. എന്നാല്‍ അതിന് ശേഷവും തനിക്ക് നേരെ വധഭീഷണി ഉയര്‍ന്നു. കൊന്ന് കളയുമെന്ന് പലരും പറഞ്ഞു. താന്‍ തന്റെ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിച്ചതുകൊണ്ടാണ് അതെന്ന് അറിയാമെന്നും സന്തോഷ് കൂട്ടിച്ചേര്‍ത്തു.
തന്റെ കമന്റിന് താഴെ ഉണ്ണി വന്നൊരു കമന്റിട്ടാല്‍ മതിയായിരുന്നു. അതിന് ശേഷം പല അഭിമുഖങ്ങളിലും തന്നെ അറിയാത്ത പോലെയാണ് ഉണ്ണി മുകുന്ദന് സംസാരിച്ചത്. നമ്മളൊക്കെ മനുഷ്യരാണ്. അടുത്ത കാലത്ത് അദ്ദേഹം തെറി വിളിക്കുന്ന വിഡിയോ കണ്ടപ്പോള്‍ വിഷനം തോന്നി. എന്തിനാണ് അങ്ങനെയൊക്കെ ചെയ്യുന്നത് എന്ന് തോന്നി. പരസ്പരം തിരിച്ചറിയണമെന്നും ആ ഒരു വിഷയം തനിക്കുണ്ടായിരുന്നുവെന്നും സന്തോഷ് വ്യക്തമാക്കി.