നടനും എംഎല്‍എയുമായ ഗണേഷ് കുമാറിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഷമ്മി തിലകന് രംഗത്ത്. ഗണേഷ് കുമാര്‍ നടത്തിയ വിമര്‍ശനത്തിന്റെ പകുതി പോലും താന്‍ ചെയ്തിട്ടില്ലെന്ന് ഷമ്മി തിലകന് പറഞ്ഞു. താരസംഘടനയുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഷമ്മി തിലകനോട് യോജിക്കുന്നുവെന്ന് ഗണേഷ് കുമാര്‍ പറഞ്ഞിരുന്നു. ഇത് തിലകന്റെ വിഷയമല്ലെന്നും ഗണേഷ് കുമാര്‍ പറഞ്ഞിരുന്നു. തന്റെ അച്ഛന് തിലകനോടുള്ള ദേഷ്യത്തില്‍ തന്നെയും വേട്ടയാടിയ വ്യക്തിയാണ് ഗണേഷ് കുമാറെന്നും ഷമ്മി തിലകന് മാധ്യമങ്ങളോട് പറഞ്ഞു.
താന്‍ നല്കിയ ഒരു പരാതിയുമായി ബന്ധപ്പെട്ട് തനിക്കെതിരെ കേസെടുത്തത് ഗണേഷ് കുമാറിന്റെ ബന്ധുവായ ഡിവൈഎസ്പിയാണ്. നിയമപോരാട്ടം നടത്തി പുനരന്വേഷണം നടത്തിയാണ് ആ കേസില്‍ നീതി തേടിയത്. എന്നിട്ടാണോ ഗണേഷ് കുമാര്‍ വലിയ വര്‍ത്തമാനം പറയുന്നതെന്ന് ഷമ്മി തിലകന് ചോദിച്ചു. അച്ഛന് എഴുകോണത്ത് പ്രസംഗിക്കാന്‍ പോയപ്പോള്‍ ഗുണ്ടകളെ വിട്ട് തല്ലിക്കാന്‍ ശ്രമിച്ച ആളാണ് ഗണേഷ് കുമാര്‍. അമ്മ സംഘടന മാഫിയ സംഘമാണെന്ന് പറഞ്ഞപ്പോള്‍ ഗണേഷ് കുമാറാണ്. അപ്പപ്പോള്‍ കാണുന്നവരെ അപ്പാ എന്ന് വിളിക്കുന്നവരാണ് അമ്മയിലെ അംഗങ്ങള്‍ എന്ന് പറഞ്ഞതും ഗണേഷ് കുമാറാണെന്നും ഷമ്മി തിലകന് പറഞ്ഞു.
‘അമ്മ’യുടെ ബൈലോ പ്രകാരം മറ്റൊരു സംഘടനയുടെ ഭാരവാഹിയായി ഇരിക്കാന്‍ പാടില്ല. ഗണേഷ് കുമാര്‍ ടെലിവിഷന്‍ താരങ്ങളുടെ സംഘടനയായ ആത്മയുടെ വൈസ് പ്രസിഡന്റ് സ്ഥാനത്ത് തുടരുകയാണ്. അത് എന്തുകൊണ്ടാണെന്ന് ഷമ്മി തിലകന് ചോദിക്കുന്നു. അമ്മയുടെ ഫണ്ട് ഉപയോഗിച്ച് ഗണേഷ്കുമാര് പത്തനാപുരത്ത് രണ്ട് സ്ത്രീകള്‍ക്ക് വീട് വച്ചുനല്കിയിരുന്നു. തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പാണിത്. അതെല്ലാമാണ് താന്‍ ചോദിച്ചത്. അമ്മയുടെ കെട്ടിടം ക്ലബ്ബ് പോലെയാണെന്ന ആശങ്ക പ്രകടിപ്പിച്ചത് ഗണേഷ് കുമാര്‍ തന്നെയാണ്. സംഘടനയിലെ പല അംഗങ്ങളുടേയും ബാങ്ക് ബാലന്‍സ് പരിശോധിക്കണം. ആദായ നികുതി വകുപ്പുമായി അമ്മയ്ക്ക് ആറ് കോടിയുടെ കേസുണ്ട്. ഇതൊന്നും ഗണേഷ് കുമാര്‍ ചോദിക്കുന്നില്ല. താന്‍ ചെയ്യാത്ത കാര്യങ്ങള്‍ പറഞ്ഞാല്‍ ഇങ്ങനെയായിരിക്കില്ല. പലതും പറയേണ്ടി വരും. തന്നെ ചൊറിയരുത്, താന്‍ മാന്തും. അത് ചെയ്യിപ്പിക്കരുതെന്നും ഷമ്മി തിലകന് പറഞ്ഞു.