യുവനടൻ ഷൈൻ നിഗം പൊലീസ് വേഷത്തിൽ എത്തുന്നു. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. കരിയറിൽ ഇത് ആദ്യമായാണ് ഷൈൻ നിഗം ഒരു പൊലീസ് വേഷത്തിൽ അഭിനയിക്കുന്നത്. സിൻസിൽ സെല്ലുലോയ്ഡിന്റെ ബാനറിൽ എസ് ജോർജ് നിർമിക്കുന്ന ചിത്രത്തിലാണ് ഷൈൻ പൊലീസ് വേഷത്തിൽ എത്തുന്നത്. ശ്യാം ശശിയാണ് ചിത്രത്തിന്റെ സംവിധാനം.
സണ്ണി വെയിൻ, സിദ്ധാർത്ഥ് ഭരതൻ എന്നിവരാണ് ചിത്രത്തിൽ മറ്റ് കഥാപാത്രങ്ങളായി എത്തുന്നത്. ഷൈൻ നിഗം കാറിൽ വന്നിറങ്ങി കാരവനിൽ കയറി പൊലീസ് ആയി വേഷം മാറി എത്തുന്ന വീഡിയോ പങ്കുവെച്ചാണ് ഈ വാർത്ത ജോർജ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്.
ഷൈൻ നിഗത്തിന്റേതായി പുതിയതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം ടി കെ രാജീവ് കുമാർ സംവിധാനം ചെയ്തിരിക്കുന്ന ‘ബർമുഡ’യാണ്. ഓഗസ്റ്റ് 19ന് ബർമുഡ പ്രേക്ഷകരിലേക്ക് എത്തും. കശ്മീരി നടി ഷെയ്ലീ കൃഷന് ആണ് ചിത്രത്തില്‍ നായികയാവുന്നത്. ചിത്രത്തിനായി മോഹന്‍ലാല്‍ ഒരു ഗാനം പാടുന്നുണ്ട്. ടി കെ രാജീവ് കുമാറിന്റെ ‘കണ്ണെഴുതി പൊട്ടുംതൊട്ട്’ എന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ പാടിയിരുന്നു. ‘കൈതപ്പൂവിന് കന്നികുറുമ്പില്‍’ എന്ന് തുടങ്ങുന്ന ഗാനം ആയിരുന്നു മോഹൻലാൽ അന്ന് ആലപിച്ചത്.