ബിഗ് ബിക്ക് ശേഷം മമ്മൂട്ടിയും അമല്‍ നീരദും ഒന്നിക്കുന്ന ചിത്രമാണ് ഭീഷ്മപര്‍വ്വം. പതിനഞ്ച് വര്‍ഷത്തിന് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടിയുണ്ട് ചിത്രത്തിന്. മമ്മൂട്ടി ആരാധകര്‍ ഏറെ പ്രതീക്ഷയോടെയാണ് ഭീഷ്മപര്‍വ്വത്തിനായി കാത്തിരിക്കുന്നത്. വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ഇപ്പോഴിതാ ഭീഷ്മപര്വ്വത്തെക്കുറിച്ചും അമല്‍ നീരദ് ചിത്രം ബിഗ് ബി മലയാള സിനിമയില്‍ കൊണ്ടുവന്ന മാറ്റത്തെക്കുറിച്ചും പറയുകയാണ് നടന് ഷൈന്‍ ടോം ചാക്കോ. ഭീഷ്മപര്‍വ്വത്തില്‍ ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട് ഷൈന്‍ ടോം ചാക്കോ.
നടനാവുന്നതിന് മുന്‍പ് അസിസ്റ്റന്റ് ഡയറക്ടറായാണ് താന്‍ പ്രവര്‍ത്തിച്ചിരുന്നത്. കമല്‍ സംവിധാനം ചെയ്ത കറുത്തപക്ഷികള്‍ എന്ന ചിത്രത്തില്‍ അസിസ്റ്റന്റ് ഡയറക്ടറായി പ്രവര്‍ത്തിക്കുന്ന സമയത്താണ് അമല്‍ നീരദ് മമ്മൂട്ടിയെവച്ച് പടം ചെയ്യാനൊരുങ്ങുന്ന കാര്യം താന്‍ അറിയുന്നത്. ബോംബെയില്‍ നിന്ന് കുറച്ച് ടീം വരുന്നുണ്ടെന്നാണ് പറഞ്ഞുകേട്ടത്. അമല്‍ നീരദും സമീര്‍ താഹിറുമൊക്കെയാണ് ആ ബോംബെ ടീംസ്. അന്നവര്‍ ബോംബെയില്‍ രാംഗോപാല്‍ വര്‍മയുടെ പടങ്ങളില്‍ ആയിരുന്നു വര്‍ക്ക് ചെയ്തിരുന്നത്. അവരെക്കുറിച്ച് അന്നാണ് താന്‍ ആദ്യമായി കേള്‍ക്കുന്നതെന്നും ഷൈന്‍ പറഞ്ഞു.
ഇത് പണ്ട് മഹാരാജാസില്‍ ഉണ്ടായിരുന്ന അമലും സമീറും ഒക്കെയാണെന്ന് ആഷിഖ് പറഞ്ഞിട്ടാണ് അറിയുന്നത്. പക്ഷെ പടം ഇറങ്ങിക്കഴിഞ്ഞപ്പോഴാണ് മനസിലായത് അതൊരു ചേയ്ഞ്ചായിരുന്നുവെന്ന്. മലയാളം ഇന്‍ഡസ്ട്രിയില്‍ ആകെയൊരു മാറ്റം കൊണ്ടുവരാന്‍ ചിത്രത്തിനായി. വിഷ്വലി വളരെ ചേയ്ഞ്ച് ബിഗ് ബി ഉണ്ടാക്കി. അവതരണത്തിലും മ്യൂസിക്കിലും സ്റ്റൈലിലും എല്ലാം പുതിയ ഒരു മാറ്റം. ബിഗ് ബി ഒരു ഹിറ്റല്ല, ഫ്ളോപ്പാണ് എന്ന് പലരും ഇപ്പോഴും പറയുമെങ്കിലും അവരും ഉള്ളിന്റെയുള്ളില്‍ ബിഗ് ബിയുടെ ആരാധകരാണ്. അത് പറയാനുള്ള മടി കൊണ്ട് മാത്രമാണ് അവര്‍ ഇങ്ങനെ പറയുന്നതെന്നും ഷൈന്‍ ടോം ചാക്കോ പറഞ്ഞു.