അഭിമുഖത്തിനിടെ അവതാരകയോട് മോശമായി സംസാരിച്ചെന്ന പരാതിയെ തുടർന്ന് കേസിൽ അകപ്പെട്ടിരിക്കുകയാണ് ശ്രീനാഥ് ഭാസി. കഴിഞ്ഞ ദിവസം പൊലീസ് സ്റ്റേഷനിൽ ഹാജരായ ശ്രീനാഥ് ഭാസിയുടെ അറസ്റ്റ് രേഖപ്പെടുത്തിയതിനു ശേഷം ജാമ്യത്തിൽ വിട്ടയച്ചിരുന്നു. ഇതിനിടെ ശ്രീനാഥ് ഭാസിക്ക് പരോക്ഷ പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ് നടൻ ഷൈൻ ടോം ചാക്കോ. സ്ഥിതി മോശമാകുന്ന അവസ്ഥയിലാണ് ആളുകൾ ഇങ്ങനെയാകുന്നതെന്നും വിവരവും ബോധവുമുള്ള ആളുകൾ അത് ക്ഷമിക്കണമെന്നും ഷൈൻ പറഞ്ഞു. റിപ്പോർട്ടർ ടിവി ചാനലിനോട് സംസാരിക്കവെയാണ് ഷൈൻ ഇങ്ങനെ പറഞ്ഞത്.
മോശമായ സംസാരരീതി ആ വ്യക്തി ഉണ്ടാക്കിയതല്ലല്ലോയെന്നും നേരത്തെ തന്നെ സമൂഹത്തിൽ ഉള്ളതാണല്ലോയെന്നും ഷൈൻ ചോദിച്ചു. എപ്പോഴും എല്ലാവരും ഒരേപോലെ തന്നെ പ്രതികരിക്കണമെന്നില്ല. കൊന്നുകളയുന്ന ആൾക്കാരുണ്ട്, കത്തിച്ചുകളയുന്ന ആൾക്കാരുണ്ട്, ചുട്ടു കളയുന്ന ആൾക്കാരുണ്ട്. അപ്പോഴൊന്നും കാണിക്കാത്ത ദേഷ്യം ഇതിനുമാത്രം എന്താണ് കാണിക്കുന്നതെന്നും ഷൈൻ ടോം ചോദിച്ചു.
അവൻ അങ്ങനത്തെ ഒരു വ്യക്തിയല്ല. പാട്ടു പാടിയും തമാശ പറഞ്ഞും ആ ഗയ് നമ്മളെ എത്രമാത്രം രസിപ്പിച്ചിട്ടുണ്ടെന്നും സ്ഥിതി മോശമാകുന്ന അവസ്ഥയിലാണ് അങ്ങനെ ആകുന്നതെന്നും അതിനെ നമ്മൾ മാനിക്കണമെന്നും ഷൈൻ പറഞ്ഞു. അവരുമായി കമ്യൂണിക്കേറ്റ് ചെയ്യുന്ന ആളുകൾ അത് പരിഗണിക്കണമെന്നും ഷൈൻ പറഞ്ഞു. ഇങ്ങനത്തെ ചെറിയ കാര്യങ്ങൾ ഊതി വീർപ്പിക്കാതെ ക്ഷമിച്ച് കളയാവുന്നതേ ഉള്ളൂവെന്നും അതുകൊണ്ട് നമ്മുടെ സമൂഹത്തിന് നല്ലതേ ഉണ്ടാകൂവെന്നും ഷൈൻ പറഞ്ഞു. ഇങ്ങനത്തെ കാര്യങ്ങൾ വീണ്ടും വീണ്ടും ഡിസ്കസ് ചെയ്യാതിരിക്കുകയെന്നും വിവരവും ബോധവുമുള്ള ആളുകൾ ക്ഷമിക്കുകയല്ലേ വേണ്ടതെന്നും ഷൈൻ ചോദിച്ചു.