തല്ലുമാല സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനിൽ വെച്ചുണ്ടായ സംഘർഷത്തെക്കുറിച്ച് പ്രതികരിച്ച് നടൻ ഷൈൻ ടോം ചാക്കോ. പരിക്ക് പറ്റിയിരിക്കുന്ന കാലും വെച്ച് ആരെയെങ്കിലും താൻ തല്ലുമെന്ന് തോന്നുന്നുണ്ടോ എന്നായിരുന്നു മാധ്യമങ്ങളോട് ഷൈനിന്റെ ചോദ്യം. പട സിനിമയുടെ പ്രദർശനത്തിന് കൊച്ചിയിൽ എത്തിയപ്പോൾ ആയിരുന്നു താരത്തിന്റെ പ്രതികരണം.
ടോവിനോ നായകനാകുന്ന ‘തല്ലുമാല’യുടെ ചിത്രീകരണത്തിനിടെ ഷൈൻ ടോം നാട്ടുകാരനെ മർദ്ദിച്ചതായി ആരോപണം ഉയർന്നിരുന്നു. ഇതിനെക്കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ ആയിരുന്നു ഷൈൻ ടോം ചാക്കോ ഇങ്ങനെ പറഞ്ഞത്. ‘ഞാൻ തല്ലില്ല, കൊല്ലും. ഇനി ഞാൻ കൊല്ലുമെന്ന് എഴുതി വിടരുത്. ഈ കാല് വെച്ച് ഞാൻ തല്ലുമെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ?’ എന്നായിരുന്നു ഷൈനിന്റെ ചോദ്യം. സിനിമാ ചിത്രീകരണത്തിനിടെ പരിക്കേറ്റ ഷൈൻ വാക്കിങ്ങ് സ്റ്റിക്കിന്റെ സഹായത്തോടെയാണ് ഇപ്പോൾ നടക്കുന്നത്.
തല്ലുമാലയുടെ ചിത്രീകരണത്തിനിടെ നാട്ടുകാരുമായി പ്രശ്നം ഉണ്ടായപ്പോൾ ഷൈൻ ടോം ചാക്കോ നാട്ടുകാരനെ മർദ്ദിച്ചെന്ന് ആയിരുന്നു ആരോപണം. മാലിന്യം ഇടുന്നത് ചോദ്യം ചെയ്ത നാട്ടുകാരനെ ഷൈൻ ടോം ചാക്കോ തല്ലിയെന്ന് ആയിരുന്നു ആരോപണം. ഈ ആരോപണത്തെ തുടർന്ന് സ്ഥലത്ത് ചെറിയ രീതിയിൽ സംഘർഷം ഉടലെടുത്തു. എന്നാൽ, ഉടൻ തന്നെ സ്ഥലത്തെത്തിയ പൊലീസ് പ്രശ്നങ്ങൾ അപ്പോൾ തന്നെ പരിഹരിക്കുകയായിരുന്നു.