നടൻ ഷൈൻ ടോം ചാക്കോയെ വിമാനത്തിൽ നിന്ന് പുറത്താക്കി എയർലൈൻസ് അധികൃതർ. വിമാനത്തിന്റെ കോക്പിറ്റിൽ കയറാൻ ശ്രമിച്ചതിനെ തുടർന്നാണ് ഷൈൻ ടോം ചാക്കോയെ പുറത്താക്കിയത്. ദുബായ് വിമാനത്താവളത്തിൽ വെച്ച് ആയിരുന്നു സംഭവം. ഷൈൻ ടോം ചാക്കോയുടെ പുതിയ ചിത്രമായ ഭാരത സർക്കസിന്റെ പ്രമോഷനു വേണ്ടി ആയിരുന്നു അദ്ദേഹം ദുബായിൽ എത്തിയത്.
ഭാരത സർക്കസിന്റെ പ്രമോഷൻ ഇവന്റിനു ശേഷം തിരിച്ചു വരുന്നതിനിടയിലാണ് യാത്ര ചെയ്യുന്ന വിമാനത്തിന്റെ കോക്പിറ്റിൽ കയറാൻ ഷൈൻ ടോം ശ്രമിച്ചത്. നടന്റെ അസ്വാഭാവിക പെരുമാറ്റം കണ്ട അധികൃതർ അദ്ദേഹത്തെ എയർലൈൻസിൽ നിന്ന് പുറത്താക്കുകയായിരുന്നു. അതേസമയം, ഷൈൻ ടോമിന് ഒപ്പം സിനിമയുടെ പ്രമോഷനായി എത്തിയ മറ്റ് അണിയറപ്രവർത്തകർ നാട്ടിലേക്ക് മടങ്ങി.
ഷൈൻ ടോം ചാക്കോ, എം.എ. നിഷാദ്, ബിനു പപ്പു എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സോഹൻസീനു ലാൽ സംവിധാനം ചെയ്ത ചിത്രമാണ് ഭാരത സർക്കസ്. ഡിസംബർ ഒമ്പതിന് തിയറ്ററുകളിൽ എത്തിയ ചിത്രത്തിന് വലിയ സ്വീകരണമാണ് പ്രേക്ഷകർ നൽകുന്നത്.