നായകനായും വില്ലനായും സഹനടനായും ഹാസ്യനടനായുമെല്ലാം മലയാള സിനിമയില്‍ തന്റേതായ ഇടം കണ്ടെത്തിയ നടനാണ് സിദ്ദിഖ്. മമ്മൂട്ടിയും മോഹന്‍ലാലും മുതല്‍ മലയാള സിനിമയിലെ യുവതലമുറയിലെ താരങ്ങള്‍ക്കൊപ്പം വരെ സിദ്ദിഖ് അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ മലയാള സിനിമയിലെ യുവതാരങ്ങളായ രജിഷ വിജയന്, ഐശ്വര്യ ലക്ഷ്മി, ആസിഫ് അലി, ഫഹദ് ഫാസില്‍, പൃഥ്വിരാജ് എന്നിവരെക്കുറിച്ചുള്ള സിദ്ദിഖിന്റെ വാക്കുകളാണ് ശ്രദ്ധനേടുന്നത്.
രജിഷയുടെ കൂടെ താന്‍ ഒരു സിനിമയിലേ അഭിനയിച്ചിട്ടുള്ളൂ. രജിഷയോട് തനിക്ക് ഏറ്റവും ബഹുമാനം തോന്നിയ ഒരു കാര്യമുണ്ട്. ഒരിക്കല്‍ രജിഷ തന്റെ അടുത്ത് വന്ന് ഒരാളെ കുറിച്ച് പറഞ്ഞു. തനിക്ക് അയാളുടെ അടുത്ത് ഇരിക്കാന്‍ ഇഷ്ടമല്ല എന്നായിരുന്നു രജിഷ പറഞ്ഞത്. എന്താണെന്ന് ചോദിച്ചപ്പോള്‍ അയാള്‍ എപ്പോഴും മറ്റുള്ളവരെ പറ്റി കുറ്റം പറഞ്ഞുകൊണ്ടിരിക്കുമെന്നായിരുന്നു രജിഷ പറഞ്ഞത്. അത് തനിക്ക് വലിയൊരു പാഠമായിട്ട് തോന്നിയെന്നും സിദ്ദിഖ് പറഞ്ഞു.
മിടുക്കിയെന്നായിരുന്നു ഐശ്വര്യ ലക്ഷ്മിയെക്കുറിച്ച് സിദ്ദിഖ് പറഞ്ഞത്. സ്ക്രീനില്‍ കാണുന്ന ഐശ്വര്യയേ അല്ല യഥാര്‍ത്ഥത്തില്‍. 24 മണിക്കൂറും അഭിനയിക്കുന്ന ആളുകളെ താന്‍ കണ്ടിട്ടുണ്ട്. എന്നാല്‍ ഐശ്വര്യയ്ക്ക് ഓഫ് സ്ക്രീന്‍ ഒരു ആക്ടിംഗും ഇല്ലെന്നും സിദ്ദിഖ് പറഞ്ഞു. ആസിഫ് അലി തനിക്ക് മകനെ പോലെയെന്നാണ് സിദ്ദിഖ് പറഞ്ഞത്. ആസിഫ് അഭിനയിക്കുന്നത് കണ്ട് പഠിക്കണമെന്ന്് തന്റെ മകനോട് പറഞ്ഞിട്ടുണ്ട്. വളരെ സ്വാഭാവികമായിട്ടാണ്് ആസിഫ് അഭിനയിക്കുന്നത്. അത് കാണുമ്പോള്‍ കൊതി തോന്നാറുണ്ടെന്നും സിദ്ദിഖ് പറഞ്ഞു.
പൃഥ്വിരാജിന്റെ ആദ്യ ചിത്രം നന്ദനം തൊട്ട് തനിക്കറിയാമെന്നാണ് സിദ്ദിഖ് പറഞ്ഞത്.
ഒന്നും അറിയാത്ത ഒരു വിദ്യാര്‍ത്ഥിയെ പോലെ സിനിമ സെറ്റില്‍ വന്നതു തൊട്ടുള്ള പൃഥ്വിരാജിന്റെ ഓരോ വളര്‍ച്ചയും താന്‍ നോക്കിക്കണ്ടിട്ടുണ്ട്. സിനിമയോട് ഭയങ്കര പാഷനുള്ള ആളാണ്. വളരെയധികം ഇന്റലിജന്റാണ്. സിനിമയുടെ എ ടു സെഡ് കാര്യങ്ങള്‍ എത്രയോ നേരത്തെ മനസിലാക്കിക്കഴിഞ്ഞിട്ടുള്ള ആളാണ് അദ്ദേഹം എന്നും സിദ്ദിഖ് പറയുന്നു. ഫഹദിന്റെ തുടക്കകാലത്ത് ഒപ്പം അഭിനയിച്ചിട്ടുണ്ടെങ്കിലും ഹീറോ ആയി വന്ന ശേഷം ഒപ്പം അഭിനയിക്കാന്‍ സാധിച്ചിട്ടില്ലെന്നും ഭയങ്കര ജീനിയസ് ആക്ടറാണ് ഫഹദെന്നും സിദ്ദിഖ് അഭിപ്രായപ്പെട്ടു.