ജീവിതത്തില്‍ അപ്രതീക്ഷിതമായി ഉണ്ടായ തിരിച്ചറിവുകളേയും പ്രതിസന്ധി ഘട്ടത്തില്‍ അതിജീവിച്ചതിനെക്കുറിച്ചും മനസ് തുറന്ന് നടന് സൂരജ് തേലക്കാട്. ഇനി ഉയരം വയ്ക്കില്ലെന്ന് തിരിച്ചറിഞ്ഞ നിമിഷത്തെക്കുറിച്ചും സൂരജ് പറയുന്നുണ്ട്. പണം തരും പടം എന്ന പരിപാടിയിലാണ് സൂരജ് മനസ് തുറന്നത്.
രണ്ടിലോ മൂന്നിലോ പഠിക്കുന്ന സമയത്താണ് ഇനി ഉയരം വയ്ക്കില്ലെന്ന് മനസിലായതെന്ന് സൂരജ് പറയുന്നു. ചേച്ചിക്കും ഉയരക്കുറവുണ്ട്. വളര്‍ച്ചാ ഹോര്‍മോണിന്റെ കുറവുണ്ടെന്നും ഇനി ഉയരംവയ്ക്കില്ലെന്നും അച്ഛനാണ് പറഞ്ഞതെന്നും സൂരജ് പറയുന്നു.
തനിക്കും ചേച്ചിക്കും വളര്‍ച്ചാ ഹോര്‍മോണിന്റെ പ്രശ്നമുണ്ട്. അച്ഛനും അമ്മയ്ക്കും രക്തബന്ധമുണ്ട്. അവരുടെ പ്രണയവിവാഹമായിരുന്നില്ല. അറേഞ്ചഡ് മാര്യേജ് ആയിരുന്നു. ഒരു ദിവസം അച്ഛനാണ് അടുത്തുവിളിച്ച് അക്കാര്യം പറഞ്ഞത്. ഇനി നിങ്ങള്‍ വളരില്ലെന്നും കലയിലൂടെയോ മറ്റെന്തെങ്കിലും കഴിവിലൂടെയോ ജീവിതത്തില്‍ ഉയരണമെന്നും പറഞ്ഞു. അച്ഛന് മിമിക്രി ചെയ്യുമായിരുന്നു. അച്ഛനാണ് ആ രംഗത്തേക്ക് തന്നെ കൈപിടിച്ചതെന്നും സൂരജ് കൂട്ടിച്ചേര്‍ത്തു.