സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായിരിക്കുന്ന ഒരു ചിത്രം അമ്മയുടെ ഒക്കത്തിരിക്കുന്ന ഒരു കുഞ്ഞുവാവയുടേതാണ്. ആ കുഞ്ഞുവാവ ഇപ്പോൾ കുഞ്ഞുവാവ അല്ലെന്നു മാത്രമല്ല മലയാള സിനിമയിലെ തിരക്കുള്ള നടനുമാണ്. പക്ഷേ, കുഞ്ഞുനാളിലെ ആ ഫോട്ടോയ്ക്കും വലുതായതിനു ശേഷവും മാറ്റമില്ലാത്ത ഒന്നുണ്ട്. അതാണ് ആ ചിരി. അമ്മയുടെ ഒക്കത്തിരുന്ന ചിരിക്കുന്ന കുഞ്ഞിന്റെ മുഖത്തേക്ക് ഒന്ന് സൂക്ഷിച്ച് നോക്കിയാൽ അത് സൗബിൻ ഷാഹിർ ആണെന്ന് മനസിലാക്കാൻ അധികം സമയം വേണ്ടിവരില്ല.
സൗബിൻ ഷാഹിർ തന്നെയാണ് ഈ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. കുഞ്ഞുനാളിലും സിനിമയിൽ സജീവമായിരുന്നു സൗബിൻ. വിയറ്റ്നാം കോളനി, കാബുളി വാല, പപ്പയുടെ സ്വന്തം അപ്പൂസ് തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട് സൗബിൻ. സൗബിൻ ഷാഹിറിന്റെ പിതാവ് ബാബു ഷാഹിർ മണിച്ചിത്രത്താഴ്, ഗോഡ് ഫാദർ, ഇൻ ഹരിഹർ നഗർ തുടങ്ങിയ ചിത്രങ്ങളുടെ അസിസ്റ്റന്റ് ഡയറക്ടർ ആയിരുന്നു. കൂടാതെ പ്രൊഡക്ഷൻ കൺട്രോളറും ആയിരുന്നു.
പിതാവ് ബാബു ഷാഹിറിന്റെ വഴിയേ ആണ് സൗബിനും സിനിമയിലേക്ക് എത്തിയത്. 2003ൽ സിദ്ദിഖിന്റെ ക്രോണിക് ബാച്ചിലർ എന്ന സിനിമയിൽ അസിസ്റ്റന്റ് ഡയറക്ടറായി പ്രവർത്തിച്ചു കൊണ്ടായിരുന്നു സൗബിന്റെ തുടക്കം. പിന്നീട് ഫാസിൽ, റാഫി മെക്കാർട്ടിൻ, പി സുകുമാർ, സന്തോഷ് ശിവൻ, രാജിവ് രവി, അമൽ നീരദ് തുടങ്ങിയ സംവിധായകർക്ക് ഒപ്പം അസിസ്റ്റന്റ് ഡയറ്കറായി പ്രവർത്തിച്ചു. പറവ ആണ് സൗബിൻ സംവിധാനം ചെയ്ത ആദ്യ ചിത്രം.