സിനിമയിൽ വിലക്ക് വന്നതിന് പിന്നാലെ താരസംഘടനയായ അമ്മയിൽ അംഗത്വം തേടി ശ്രീനാഥ് ഭാസി. സിനിമ സംഘടനകൾ ശ്രീനാഥ് ഭാസിയുമായി നിസ്സഹകരിക്കുമെന്ന് പ്രഖ്യാപിച്ചതോടെയാണ് ഇത്. അമ്മയുടെ ഓഫീസിലെത്തിയാണ് ശ്രീനാഥ് ഭാസി അമ്മ അംഗത്വത്തിനുള്ള അപേക്ഷ നൽകിയത്. അമ്മയുടെ നിയമം അനുസരിച്ച് എക്സിക്യുട്ടിവിന്റെ അനുമതിക്കു ശേഷം മാത്രമായിരിക്കും അപേക്ഷ സ്വീകരിക്കാൻ നടപടി സ്വീകരിക്കുകയുള്ളൂ.
ഒരേസമയം പലരുടെയും സിനിമയ്ക്ക് ഡേറ്റ് നൽകുകയാണ് ശ്രീനാഥ് ഭാസി ചെയ്യുന്നതെന്നാണ് ആരോപണം. മാത്രമല്ല സമയത്തിന് ഷൂട്ടിങ്ങ് സെറ്റിൽ എത്താത്ത ഈ താരം വിളിച്ചാൽ ഫോൺ എടുക്കുകയുമില്ല. ഏതൊക്കെ സിനിമകൾക്കാണ് ഡേറ്റുകൾ കൊടുത്തിരിക്കുന്നതെന്ന് ശ്രീനാഥ് ഭാസിക്ക് പോലും അറിയില്ലെന്നാണ് നിർമാതാക്കൾ ആരോപിക്കുന്നത്. ഈ സാഹചര്യത്തിലാണ് ഭാസിയുമായി നിസ്സഹകരിക്കുമെന്ന് ചലച്ചിത്ര സംഘടനകൾ പ്രഖ്യാപിച്ചത്. അതേസമയം, സെറ്റിൽ അഭിനേതാക്കൾ വൈകി വരുന്നതു മൂലമുണ്ടാകുന്ന നഷ്ടം അഭിനേതാക്കളിൽ നിന്ന് ഈടാക്കാനുള്ള പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ തീരുമാനത്തെ മറ്റ് സംഘടനകളും അനുകൂലിച്ചെന്ന് ഭാരവാഹികൾ അറിയിച്ചു.
നിർമാതാവുമായി ഒപ്പു വെയ്ക്കുന്ന കരാറിൽ അമ്മയുടെ രജിസ്ട്രേഷൻ നമ്പർ വേണമെന്നുണ്ട്. അത് ഇല്ലാത്ത താരങ്ങളുടെ കാര്യത്തിൽ റിസ്ക് എടുക്കാൻ കഴിയില്ലെന്നാണ് സംഘടനകൾ വ്യക്തമാക്കിയത്. ഇതിനു പിന്നാലെയാണ് ശ്രീനാഥ് ഭാസി അമ്മ അംഗത്വത്തിന് അപേക്ഷിച്ചത്. അതേസമയം, നടപടി നേരിടുന്ന മറ്റൊരു താരമായ ഷെയിൻ നിഗം അമ്മ അംഗമാണ്.