കോളജ് കാലഘട്ടത്തില്‍ കെഎസ്യുവിലും എബിവിപിയിലും പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് തുറന്നുപറഞ്ഞ് നടന് ശ്രീനിവാസന്. കമ്മ്യൂണിസ്റ്റാണെന്നാണ് താന്‍ ആദ്യം കരുതിയതെന്നും എന്നാല്‍ പിന്നീട് ചിന്തകളും നിലപാടുകളും മാറിയെന്നും ശ്രീനിവാസന് പറയുന്നു. ഇന്ത്യന്‍ എക്സ്പ്രസിന് നല്കിയ അഭിമുഖത്തിലാണ് ശ്രീനിവാസന് ഇക്കാര്യം പറഞ്ഞത്.
അച്ഛന് കമ്മ്യൂണിസത്തിന്റെ പശ്ചാത്തലമായിരുന്നു. അതുപോലെ അച്ഛനൊരു കളരി അഭ്യാസികൂടിയായിരുന്നു. താന്‍ പഠിച്ച സ്കൂളില്‍ ആഴ്ചയില്‍ രണ്ട് ദിവസം കളരി പഠിക്കണമായിരുന്നു. അതുവരെയൊക്കെ താനൊരു കമ്മ്യൂണിസ്റ്റുകാരനാണെന്നാണ് വിശ്വസിച്ചത്. അച്ഛന് കമ്മ്യൂണിസ്റ്റായതുകൊണ്ട് ആ പാരമ്പര്യമാണെന്ന് വിചാരിച്ചു. അമ്മയുടെ വീട്ടില്‍ ചെന്നപ്പോഴാണ് മഹാത്മാ ഗാന്ധിയെ കുറിച്ച് കേള്‍ക്കുന്നത്. കോളജില്‍ ആദ്യ വര്‍ഷെ കെഎസ്യുവില് പ്രവര്‍ത്തിച്ചു. പിന്നീട് എബിവിപിയോടായി താത്പര്യം. എബിവിപിക്കാരനായ ഒരു സുഹൃത്ത് നിരന്തരം ബ്രയിന്‍വാഷ് ചെയ്ത് അങ്ങനെ എബിവിപിക്കാരനായെന്നും ശ്രീനിവാസന് പറഞ്ഞു.
എബിവിപിക്ക് രക്ഷാബന്ധന് പരിപാടിയുണ്ടല്ലോ. അങ്ങനെ അതുംകെട്ടി ആദ്യമായിട്ട് നാട്ടിലിറങ്ങിയ ഒരാള്‍ താനാണ്. കമ്മ്യൂണിസ്റ്റുകാരുടെ ഇടയിലേക്ക് ചരടും കെട്ടിയിറങ്ങിയത് വലിയ പ്രശ്നമായി. എന്താടാ വട്ടായോ എന്നൊക്കെ ആള്ക്കാര് ചോദിച്ചു. തന്റെ ഒരു സുഹൃത്ത് ചരട് പൊട്ടിക്കാന്‍ ശ്രമിച്ചപ്പോള്‍ കൊല്ലുമെന്ന് പറഞ്ഞിട്ടുണ്ടെന്നും ശ്രീനിവാസന് കൂട്ടിച്ചേര്‍ത്തു.