സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ നിന്ന് ഹോം സിനിമയെ ഒഴിവാക്കിയത് വലിയ വിവാദങ്ങള്‍ക്കാണ് വഴി വച്ചത്. സിനിമയെ തഴഞ്ഞതിനെതിരെ ചിത്രത്തിന്റെ സംവിധായകന് റോജിന്‍ തോമസും നടന് ഇന്ദ്രന്‍സും അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു. ചിത്രത്തിന്റെ നിര്‍മാതാവും നടനുമായ വിജയ് ബാബുവിനെതിരെ ഉയര്‍ന്ന ബലാത്സംഗക്കേസാണ് ചിത്രത്തെ മാറ്റി നിര്‍ത്താന്‍ കാരണമെന്നായിരുന്നു പലരും ചൂണ്ടിക്കാട്ടിയത്. ഇപ്പോഴിതാ ഇതുമായി ബന്ധപ്പെട്ട് പ്രതികരിച്ചിരിക്കുകയാണ് മികച്ച സ്വഭാവ നടനുള്ള പുരസ്കാരം സ്വന്തമാക്കിയ സുമേഷ് മൂര്‍.
നിര്‍മാതാവിനെതിരെ പരാതി ഉയര്‍ന്നതിന്റെ പേരില്‍ ഹോം സിനിമയെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ നിന്ന് അവഗണിച്ചത് ശരിയായില്ലെന്ന് മൂര്‍ പറഞ്ഞു. ആ കേസ് തന്നെ വിശ്വാസയോഗ്യമല്ല. അഞ്ചാറുവട്ടം ഒരേ സ്ഥലത്തേക്ക് ഒരാളുടെ കൂടെ പോയിട്ട് പീഡിപ്പിക്കപ്പെടുക എന്ന് പറഞ്ഞാല്‍ താന്‍ വിശ്വസിക്കുന്നില്ല. ഇക്കാര്യത്തില്‍ താന്‍ അവനൊപ്പമാണ്. അവള്‍ക്കൊപ്പം നില്‍ക്കുന്നത് ട്രെന്‍ഡായി നില്ക്കുന്നു. അവനൊപ്പവും ആളുകള്‍ വേണ്ടേ? തനിക്കെതിരെ മീ ടൂവോ റേപ്പ് ആരോപണമോ വന്നാല്‍ താന്‍ സഹിക്കും. അങ്ങനെയല്ലാതെ ഒരു നിവൃത്തിയില്ല. ആണുങ്ങള്‍ക്ക് ആര്‍ക്കുമൊന്നും പറയാന്‍ പറ്റില്ല. അത് പിന്നീട് വലിയ പ്രശ്നമാകുമെന്നും മൂര്‍ പറഞ്ഞു. തനിക്ക് കിട്ടിയ പുരസ്കാരം ഇന്ദ്രന്‍സിനും ഹോമിലെ മറ്റ് അണിയറപ്രവര്‍ത്തകര്‍ക്കും സമര്‍പ്പിക്കുന്നുവെന്നും മൂര്‍ കൂട്ടിച്ചേര്‍ത്തു.
കൊവിഡ് കാലത്ത് ഒടിടിയില്‍ റിലീസ് ചെയ്ത ഹോം സിനിമയ്ക്ക് മികച്ച പ്രേക്ഷക പിന്തുണയാണ് ലഭിച്ചത്. ഇന്ദ്രന്‍സ് അവതരിപ്പിച്ച ഒലിവര്‍ ട്വിസ്റ്റും മഞ്ജു പിള്ളയുടെ കുട്ടിയമ്മയെന്ന കഥാപാത്രവും ഏറെ പ്രശംസ നേടിയിരുന്നു. ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപിക്കുമ്പോള്‍ ഹോം സിനിമയ്ക്ക് പുരസ്കാരങ്ങള്‍ ലഭിക്കുമെന്ന് പ്രതീക്ഷച്ചവര്‍ നിരാശയിലായതോടെയാണ് സാമൂഹ്യമാധ്യമങ്ങളില്‍ വിമര്‍ശനം ഉയര്‍ന്നത്.