ഹാസ്യ കഥാപാത്രങ്ങളിലൂടെ മലയാളത്തില്‍ ചുവടുറപ്പിക്കുകയും പിന്നീട് മികച്ച നടന്മാരിലൊരാളായി മാറുകയും ചെയ്ത നടനാണ് സുരാജ് വെഞ്ഞാറമ്മൂട്. പേരറിയാത്തവന് എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ മികച്ച നടനുള്ള ദേശീയ പുരസ്കാരവും അദ്ദേഹം സ്വന്തമാക്കി. ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ജനഗണമനയാണ് സുരാജിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ഇപ്പോഴിതാ ജീവിതത്തില്‍ ഉണ്ടായ ഒരു രസകരമായ അനുഭവം പറയുകയാണ് സുരാജ് വെഞ്ഞാറമ്മൂട്.
തന്റെ സുഹൃത്തിന് സഹായിക്കാന്‍ വേണ്ടി ചെയ്ത ഒരു കാര്യമായിരുന്നു അതെന്ന് സുരാജ് പറയുന്നു. സുഹൃത്തിന്റെ വീട്ടിലേക്ക് എന്നും ഒരു കോള്‍ വന്നിരുന്നു. ഭാര്യ എടുക്കുമ്പോള്‍ സംസാരിക്കുകയും സുഹൃത്ത് എടുക്കുമ്പോള്‍ അയാള്‍ സംസാരിക്കാതിരിക്കുകയും ചെയ്യും. ഒടുവില്‍ അയാളുടെ നമ്പര്‍ കണ്ടെത്തി. തുടര്‍ന്ന് ആ നമ്പര്‍ താന്‍ വാങ്ങി വിളിച്ചു നോക്കി. സ്ത്രീ ശബ്ദത്തിലാണ് സംസാരിച്ചത്. അധികം സംസാരിക്കാതെ കട്ട് ചെയ്തു. അയാള്‍ തിരിച്ചുവിളിക്കുമെന്ന് അറിയാമായിരുന്നു. പ്രതീക്ഷിച്ചപോലെ അയാള്‍ തിരിച്ചുവിളിച്ചു.
അങ്ങനെ ഫോണില്‍ വിളികള്‍ തുടങ്ങി. എല്ലാ വിശേഷങ്ങളും പറയാന്‍ തുടങ്ങി. രാത്രി പരിപാടിക്ക് പോയാലും വന്നിട്ട് തിരികെ വിളിക്കുമായിരുന്നു. പിന്നീട് മൊബൈല്‍ വന്നു. അങ്ങനെ എല്ലാ ദിവസവും വിളിക്കാന്‍ തുടങ്ങി. പതുക്കെ തനിക്ക് അയാളോട് പ്രേമം തോന്നിത്തുടങ്ങി. ചിലസമയത്ത് താന്‍ ഒരു പെണ്ണാണോ എന്നൊക്കെ ചിന്തിച്ചു പോയി. അയാളെ പറ്റിച്ച് ഭക്ഷണം കഴിച്ച അനുഭവവുമുണ്ടെന്നും സുരാജ് ഓര്‍ക്കുന്നു.
ആ ബന്ധം അധികനാള്‍ മുന്നോട്ടുകൊണ്ടുപോയില്ല. അതിന്റെ കാരണവും രസകരമാണ്. അയാളുടെ അമ്മയും പെങ്ങളും കൂടെ തങ്ങളുടെ കല്യാണം നടത്താനുള്ള ആലോചനയുമായി വന്നു. അത് കൂടുതല്‍ അപകടമാകുമെന്ന് വിചാരിച്ച് താന്‍ അപ്പോള്‍ തന്നെ നമ്പര്‍ മാറ്റി. അങ്ങനെ അവിടെവച്ച് ആ ബന്ധം അവസാനിപ്പിച്ചു. അയാള്‍ക്ക് ഇപ്പോഴും ഈ സംഭവങ്ങളൊന്നും അറിയില്ലെന്നും സുരാജ് കൂട്ടിച്ചേര്‍ത്തു.