ആക്ഷന്‍ ഹീറോ ബിജുവിലെ കഥാപാത്രം ജോജു നിരസിച്ചതിനെ തുടര്‍ന്നാണ് തനിക്ക് ലഭിച്ചതെന്ന് നടന് സുരാജ് വെഞ്ഞാറമ്മൂട്. ജോജു അവതരിപ്പിച്ച മിനി എന്ന കഥാപാത്രം ചെയ്യേണ്ടിയിരുന്നത് താനായിരുന്നു. ഇത് പിന്നീട് മാറ്റിയെടുക്കുകയായിരുന്നുവെന്നും സുരാജ് വെഞ്ഞാറമ്മൂട് പറഞ്ഞു.
ആക്ഷന്‍ ഹീറോ ബിജു ചെയ്യുന്നതിന് മുന്‍പേ കോമഡി വിട്ട് ക്യാരക്ടര്‍ റോള്‍ ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്നുവെന്ന് സുരാജ് വെഞ്ഞാറമ്മൂട് പറഞ്ഞു. എന്നാല്‍ ആ സമയത്ത് അതിന് സാധിച്ചില്ല. തേടി വന്നതെല്ലാം കോമഡി റോളുകളായിരുന്നു. തന്റെ ആഗ്രഹത്തെക്കുറിച്ച് പലരോടും സംസാരിച്ചിരുന്നുവെന്നും സുരാജ് പറഞ്ഞു.
എബ്രിഡ് ഷൈന്റെ 1983 താന്‍ കണ്ടിരുന്നു. അത് തനിക്ക് ഇഷ്ടപ്പെട്ടിരുന്നു. അടുത്ത പടത്തില്‍ അവസരം നല്‍കണമെന്ന് എബ്രിഡിനോട് അങ്ങോട്ട് ആവശ്യപ്പെടുകയാണ് ചെയ്തത്. പുതിയ ചിത്രം ചെയ്യുമ്പോള്‍ അവസരം നല്‍കാമെന്നും പറഞ്ഞു. അങ്ങനെ ആക്ഷന്‍ ഹിറോ ബിജുവിലേക്ക് എത്തി. ജോജു അവതരിപ്പിച്ച മിനി എന്ന കഥാപാത്രമായിരുന്നു തനിക്കായി നിശ്ചയിച്ചിരുന്നത്. ജോജുവിന് താന്‍ അവതരിപ്പിച്ച പവിത്രന് എന്ന കഥാപാത്രവും പറഞ്ഞുവച്ചിരുന്നു. എന്നാല്‍ പവിത്രനെ അവതരിപ്പിക്കാന്‍ ജോജു തയ്യാറായില്ല. അങ്ങനെയാണ് ആ വേഷത്തിലേക്ക് താന്‍ എത്തിയതെന്നും സുരാജ് കൂട്ടിച്ചേര്‍ത്തു.