പേരില്‍ മാറ്റം വരുത്തി നടന് സുരേഷ് ഗോപി. സമൂഹമാധ്യമ അക്കൗണ്ടുകളിലെ പേരിന്റെ ഇംഗ്ലീഷ് സ്പെല്ലിംഗാണ് താരം മാറ്റിയത്. നേരത്തേ സോഷ്യല്‍ മീഡിയയില്‍ താരം പേരിന്റെ സ്പെല്ലിംഗായി നല്‍കിയത് ‘Suresh gopi’ എന്നായിരുന്നു. ഇതില്‍ ‘s’ ലെറ്റര്‍ അധികമായി ചേര്‍ത്ത് ‘Suressh gopi’ എന്നാണ് നല്‍കിയിരിക്കുന്നത്. ഫേസ്ബുക്ക്, ട്വിറ്റര്‍ അക്കൗണ്ടുകളിലാണ് പേരില്‍ മാറ്റം വരുത്തിയിരിക്കുന്നത്.
ജോഷി സംവിധാനം ചെയ്ത പാപ്പന് ആയിരുന്നു സുരേഷ് ഗോപിയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. തീയറ്ററുകളില്‍ ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. സുരഷ് ഗോപിയെ കൂടാതെ, ഗോകുല്‍ സുരേഷ്, നൈല ഉഷ, നിത പിള്ള, ഷമ്മി തിലകന്, ആശാ ശരത് തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അഭിനയിച്ചത്.
സുരേഷ് ഗോപിയും മകന് ഗോകുല്‍ സുരേഷും ആദ്യമായി ഒന്നിച്ചഭിനയിച്ച സിനിമയായിരുന്നു പാപ്പന്. ചിത്രം 50 കോടി ബോക്സ് ഓഫിസ് ക്ലബ്ബിലും ഇടം നേടിയിരുന്നു. ഒറ്റക്കൊമ്പന്, മൂസ, ചിന്താമണി കൊലക്കേസിന്റെ രണ്ടാം ഭാഗം തുടങ്ങി നിരവധി ചിത്രങ്ങള്‍ സുരേഷ് ഗോപിയുടേതായി പുറത്തിറങ്ങാനുണ്ട്.