നടനും എം പിയുമായ സുരേഷ് ഗോപി കാറിലിരുന്ന് വിഷു കൈനീട്ടം നൽകിയ സംഭവത്തിൽ താരത്തെ ട്രോളി സോഷ്യൽ മീഡിയ. തൃശൂരിൽ വഴിയരികിൽ വെച്ചായിരുന്നു സംഭവം. ഒരു ആഡംബര കാറിൽ ഇരുന്ന് സ്ത്രീകൾ ഉൾപ്പെടെയുള്ള ഒരു കൂട്ടം ആളുകൾക്ക് വിഷു കൈനീട്ടം നൽകുന്ന വീഡിയോയാണ് വൈറലായതും പിന്നീട് വിവാദമായതും. റോഡരികിൽ നിർത്തിയിട്ടിരുന്ന ആഡംബര വാഹനത്തിൽ ഇരുന്ന് ഡോർ തുറന്ന് ആളുകൾക്ക് പണം നൽകുന്നതാണ് വീഡിയോയിൽ കാണാൻ കഴിയുന്നത്. പണം വാങ്ങിയവരിൽ ചിലർ സുരേഷ് ഗോപിയുടെ കാൽ തൊട്ട് വന്ദിക്കുന്നുമുണ്ട്. കൈനീട്ടം നൽകി കഴിഞ്ഞതിനു ശേഷം കൈനീട്ടം വാങ്ങിയ എല്ലാവർക്കുമൊപ്പം നിന്ന് ഫോട്ടോയെടുക്കുന്നതും വീഡിയോയിൽ കാണാം.
ഇന്ത്യാടുഡേ ഓൺലൈനിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് വീഡിയോ പുറത്തെത്തിയത്. ജന്മി കാലഘട്ടം തിരിച്ചു വന്നോ? പഴയ സവർണ മാടമ്പികളുടെ രീതിയിലാണ് സുരേഷ് ഗോപി പെരുമാറുന്നത്, പഴയ കാലഘട്ടത്തിലേക്ക് തിരിച്ചു പോവുകയാണ് എന്നിങ്ങനെയൊക്കെയാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന വിമർശനങ്ങൾ. കഴിഞ്ഞ ഞായറാഴ്ച മുതൽ കൈനീട്ട പരിപാടിയുമായി സുരേഷ് ഗോപി രംഗത്തുണ്ട്. കഴിഞ്ഞദിവസം ക്ഷേത്രത്തിൽ എത്തുന്നവർക്ക് വിഷുക്കൈനീട്ടം നൽകാനെന്ന പേരിൽ മേൽശാന്തിമാർക്ക് പണം കൊടുത്തത് വിവാദമായിരുന്നു. റിസർവ് ബാങ്കിൽ നിന്നെടുത്ത പുത്തൻ ഒരു രൂപ നോട്ടുകളായിരുന്നു ക്ഷേത്രത്തിൽ നൽകിയത്. വടക്കുന്നാഥ ക്ഷേത്രത്തിലെ മേൽശാന്തിമാർക്ക് 1000 രൂപയ്ക്കുള്ള ഒരു രൂപ നോട്ടുകൾ സുരേഷ് ഗോപി നൽകിയെന്നതാണ് വിവാദമായത്.
ഇതിനുപിന്നാലെ മേൽശാന്തിമാർ ഇത്തരത്തിൽ തുക സ്വീകരിക്കുന്നത് വിലക്കി കൊച്ചിൻ ദേവസ്വം ബോർഡ് ഉത്തരവ് ഇറക്കിയിരുന്നു. പാറമേക്കാവ്, തിരുവമ്പാടി ക്ഷേത്രങ്ങളിലെ മേൽശാന്തിമാർക്ക് ഇത്തരത്തിൽ നടൻ പണം നൽകിയെന്നാണ് റിപ്പോർട്ടുകൾ. അതേസമയം, തനിക്കെതിരെ ഉയർന്ന ട്രോളുകൾക്ക് എതിരെ സുരേഷ് ഗോപി രംഗത്തെത്തി. നന്മ മനസിലാക്കാൻ പറ്റാത്ത മാക്രിപ്പറ്റങ്ങളാണ് വിഷുക്കൈനീട്ടത്തിനായി പണം നൽകിയതിനെ എതിർക്കുന്നതെന്ന് സുരേഷ് ഗോപി എം പി പറഞ്ഞു.