തന്റെ ഏറ്റവും പുതിയ ചിത്രം തിയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുമ്പോൾ പാവപ്പെട്ടവർക്ക് സഹായം ഉറപ്പാക്കി നടൻ സുരേഷ് ഗോപി. കരുവന്നൂർ ബാങ്കുമായി ബന്ധപ്പെട്ട നിക്ഷേപ തട്ടിപ്പിനിരയായ വൃക്കരോഗിക്ക് ആണ് സുരേഷ് ഗോപി സഹായഹസ്തം നീട്ടിയത്. തൃശൂർ മാപ്രാണം സ്വദേശി ജോസഫിനും കുടുംബത്തിനുമാണ് സഹായം. മാതൃഭൂമിയിൽ വന്ന വാർത്തയെ തുടർന്നാണ് താരത്തിന്റെ ഇടപെടൽ.
സെറിബ്രൽ പാൾസി ബാധിച്ച രണ്ടു മക്കളുടെ ചികിത്സയ്ക്ക് ബാങ്ക് പണം നൽകിയില്ല എന്ന് ജോസഫ് പറഞ്ഞിരുന്നു. ഇവരുടെ ചികിത്സയ്ക്കായി ഒരു ലക്ഷം രൂപ നൽകുമെന്നാണ് സുരേഷ് ഗോപി അറിയിച്ചത്. ജോസഫും ഭാര്യ റാണിയും ചേർന്ന് പത്തുലക്ഷം രൂപയാണ് കരുവന്നൂർ ബാങ്കിൽ നിക്ഷേപിച്ചത്. ജോസഫ് വൃക്കരോഗിയാണ്. ഭാര്യ റാണിക്ക് വയറ്റിൽ മുഴയുണ്ടെന്ന് അടുത്തിടെ സ്ഥിരീകരിച്ചിരുന്നു.
പണം ചോദിച്ചപ്പോൾ നൽകിയില്ലെന്നും പ്രശ്നമാക്കിയപ്പോൾ ബോണ്ട് വാങ്ങി 10000 രൂപ തന്നെന്നും ജോസഫ് പറഞ്ഞു. പിന്നെ ആറുമാസം കഴിഞ്ഞപ്പോൾ വീണ്ടുമൊരു 10000 രൂപ തന്നു. പിന്നെ കാശ് ചോദിച്ചപ്പോൾ പിന്നെയും ഇപ്പോളാരും പൈസ അടയ്ക്കുന്നില്ലെന്നും അടയ്ക്കുമ്പോൾ തരാമെന്നുമാണ് ബാങ്കിൽനിന്ന് ലഭിച്ച മറുപടിയെന്ന് റാണി പറഞ്ഞു. പ്രതിസന്ധിഘട്ടത്തിൽ നിൽക്കുമ്പോഴാണ് കുടുംബത്തിന് സഹായവുമായി സുരേഷ് ഗോപി എത്തിയത്.