രാജ്യസഭ എം പിയും നടനുമായ സുരേഷ് ഗോപിയുടെ താടി ആയിരുന്നു കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ ചർച്ചയായത്. സുരേഷ് ഗോപിയുടെ ചിത്രവും സിംഹവാലൻ കുരങ്ങന്റെ മുഖത്തിന്റെ ചിത്രവും ചേർത്തുവെച്ച് ‘ഈ ചിത്രത്തിൽ രണ്ട് വ്യത്യാസങ്ങൾ ഉണ്ട്, കണ്ട് പിടിക്കാമോ’ – എന്നായിരുന്നു ചോദ്യം. ഇതിന് സുരേഷ് ഗോപിയുടെ മകൻ ഗോകുൽ സുരേഷ് കൃത്യമായ മറുപടിയും നൽകി. ‘രണ്ടു വ്യത്യാസം ഉണ്ട്, ലെഫ്റ്റിൽ നിന്റെ തന്തയും റൈറ്റിൽ എന്റെ തന്തയും’- എന്ന മറുപടിയായിരുന്നു ഗോകുൽ സുരേഷ് നൽകിയത്. ഏതായാലും താടി സോഷ്യൽ മീഡിയയിൽ വിവാദമായതിന് പിന്നാലെ കൃത്യമായ മറുപടിയുമായി സുരേഷ് ഗോപി തന്നെ എത്തിയിരിക്കുകയാണ്.
താടി മാറ്റി മീശ മാത്രമുള്ള ചിത്രമാണ് സുരേഷ് ഗോപി തന്റെ സോഷ്യൽ മീഡിയ പ്രൊഫൈലിൽ പങ്കു വെച്ചിരിക്കുന്നത്. ഒപ്പമൊരു കുറിപ്പ് കൂടിയുണ്ട്. ‘പൂച്ച കടിച്ചതായും പാപ്പാഞ്ഞി ആയും സിംഹവാലൻ ആയും പലർക്കും തോന്നിയ എന്റെ താടി നിങ്ങളുടെ ആവശ്യത്തിലേക്കുള്ള എന്റെ ചുമതല കഴിഞ്ഞതു കൊണ്ട് വടിച്ച് കളഞ്ഞിട്ടുണ്ട്.. ഇനി ഉള്ളത് നല്ല രണ്ടു കൊമ്പാണ്… ഒറ്റക്കൊമ്പന്റെ കൊമ്പ്’ – രാജ്യസഭ എം പിയായതിന്റെ ആറു വർഷത്തെ കാലയളവിൽ പിന്തുണച്ചവർക്ക് നന്ദി അറിയിച്ചു കൊണ്ടുള്ള പോസ്റ്റിൽ ആയിരുന്നു താടി വടിച്ചു കൊണ്ടുള്ള ചിത്രവും പോസ്റ്റ് ചെയ്തത്. ഏതായാലും സുരേഷ് ഗോപിയുടെ പുതിയ ഫോട്ടോയും പോസ്റ്റും ചുരുങ്ങിയ സമയം കൊണ്ടാണ് വൈറലായത്.
സിനിമയിൽ അഭിനയിച്ചു കൊണ്ടിരിക്കുന്നതിന്റെ ഭാഗമായിട്ട് ആയിരുന്നു സുരേഷ് ഗോപി വെള്ള താടിയോടു കൂടിയ ഗെറ്റപ്പിൽ നടന്നത്. രാജ്യസഭയിൽ വെച്ച് രാജ്യസഭ അധ്യക്ഷൻ വരെ താടിയെക്കുറിച്ച് ചോദിച്ചിരുന്നു. അപ്പോൾ പുതിയ സിനിമയ്ക്കു വേണ്ടിയാണ് തന്റെ താടിയെന്ന് അദ്ദേഹം മറുപടിയും നൽകിയിരുന്നു. സോഷ്യൽ മീഡിയയിൽ ഇത് വളരെ വൈറലാകുകയും ചെയ്തിരുന്നു.