സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനത്തില്‍ ‘ഹോം’ ചിത്രത്തെ തഴഞ്ഞുവെന്ന ആരോപണം നിലനില്‍ക്കെ പ്രതികരണവുമായി നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. ഇത് സംബന്ധിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകരോട് തന്റെ സിനിമ ഇത്രയും നാള് പരിഗണിച്ചില്ലല്ലോ എന്നായിരുന്നു സുരേഷ് ഗോപിയുടെ മറുചോദ്യം.
കഴിഞ്ഞ ആറ് വര്‍ഷമായി തന്റെ സിനിമകളൊന്നും അവാര്‍ഡിന് പരിഗണിച്ചിട്ടില്ല. ഇവിടെ നിന്ന് തെരഞ്ഞെടുത്ത് നാഷണല്‍ അവാര്‍ഡിന് പോലും അയക്കുന്നില്ലല്ലോ എന്നും സുരേഷ് ഗോപി ചോദിച്ചു. അപ്പോത്തിരിക്ക് എന്തായിരുന്നു കുഴപ്പം?. അതിനെപ്പറ്റി ഒന്നും മാധ്യമപ്രവര്‍ത്തകര്‍ ചോദിക്കുന്നില്ല. തന്റെ കാര്യം ചോദിക്കൂ, വല്ലവരുടേയും കാര്യം ചോദിക്കല്ലേ എന്നും സുരേഷ് ഗോപി പറഞ്ഞു.
സുരേഷ് ഗോപിയുടെ പ്രതികരണത്തിന് പിന്നാലെ അപ്പോത്തിരിക്ക് ലഭിച്ച അവാര്‍ഡുകള്‍ ചൂണ്ടിക്കാട്ടി സോഷ്യല്‍ മീഡിയയില്‍ ചിലര്‍ രംഗത്തെത്തി. ചിത്രത്തിലെ അഭിനയത്തിന് ഇന്ദ്രന്‍സിന് പ്രത്യേക ജൂറി പരാമര്‍ശം ലഭിച്ചിരുന്നുവെന്ന് ചിലര്‍ ചൂണ്ടിക്കാട്ടി. സിനിമയ്ക്ക് പ്രത്യേക ജൂറി പരാമര്‍ശം ലഭിച്ചതും ജയസൂര്യയുടെ പ്രകടനം പ്രശംസ പിടിച്ചുപറ്റിയ കാര്യവും മറ്റു ചിലരും ചൂണ്ടിക്കാട്ടി.