നടന് സുരേഷ് ഗോപി താരസംഘടനയായ ‘അമ്മ’യിലേക്ക് തിരിച്ചെത്തുന്നതായി സൂചന. അമ്മയുടെ നേതൃത്വത്തില്‍ നടക്കുന്ന ആരോഗ്യ പരിശോധന ക്യാമ്പിന്റെ മുഖ്യാതിയായി താരം പങ്കെടുക്കുന്നതോടെയാണ് സംഘടനയിലേക്ക് താരം മടങ്ങിയെത്തുന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നത്. മെയ് ഒന്നാം തീയതി എറണാകുളം ദേശാഭിമാനി റോഡിലുള്ള അമ്മയുടെ മന്ദിരത്തിലാണ് പരിപാടി നടക്കുന്നത്.
1994 മെയ് 31നായിരുന്നു താരസംഘടന ‘അമ്മ’ രൂപീകരിച്ചത്. സുരേഷ് ഗോപി, ഗണേഷ് കുമാര്‍, മണിയന്‍പിള്ള രാജു എന്നിവരാണ് അഭിനേതാക്കളുടെ സംഘടനയെന്ന ആശയത്തിന് പിന്നില്‍. എന്നാല്‍ 1997ന് ശേഷം സുരേഷ് ഗോപിയെ സംഘടനയുടെ പരിപാടികളില്‍ കാണാറില്ല. സുരേഷ് ഗോപി സംഘടനയില്‍ അംഗമല്ലേ എന്ന ചോദ്യവും ഉയര്‍ന്നിരുന്നു. ഇതിന് മറുപടിയുമായി സുരേഷ് ഗോപി തന്നെ രംഗത്തെത്തുകയും ചെയ്തിരുന്നു.
അമ്മ മീറ്റിംഗിനിടെ ഉണ്ടായ ഒരു സംഭവമാണ് സുരേഷ് ഗോപിയെ ചൊടിപ്പിച്ചത്. 1997 ല്‍ പാലക്കാട് കളക്ടറുടെ ധനശേഖരണ പരിപാടിക്കായി അമ്മയുടെ നേതൃത്വത്തില്‍ അഞ്ച് സ്റ്റേജ് കളിച്ചിരുന്നു. ഷോ നടത്തുന്നയാള്‍ നാലോ അഞ്ചോ ലക്ഷം അമ്മയിലേക്ക് തരുമെന്ന് സുരേഷ് ഗോപി സംഘടനയെ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് അമ്മ മീറ്റിംഗില്‍ ചോദ്യം ഉയര്‍ന്നു. ജഗദീഷും ജഗതി ശ്രീകുമാറും സുരേഷ് ഗോപിയെ ചോദ്യം ചെയ്തു. ജഗതി ശ്രീകുമാര്‍ ‘താന്‍’ എന്ന് പറഞ്ഞ് സംസാരിച്ചത് സുരേഷ് ഗോപിക്ക് ഇഷ്ടപ്പെട്ടില്ല. അതിന്റെ പേരിലാണ് സുരേഷ് ഗോപി അവിടെ നിന്നിറങ്ങിയത്. പിന്നാലെ അമ്മയില്‍ നിന്ന് രണ്ട് ലക്ഷം പിഴയടക്കാന്‍ നോട്ടിസ് വന്നു. അത് സുരേഷ് ഗോപി അടയ്ക്കുകയും ചെയ്തു. അതിന് ശേഷമാണ് അമ്മയില്‍ നിന്ന് മാറിനില്‍ക്കാനുള്ള തീരുമാനം സുരേഷ് ഗോപി കൈക്കൊണ്ടത്.