താൻ ബി ജെ പി വിടുകയാണെന്ന തരത്തിലുള്ള വാർത്തകളോട് പ്രതികരിച്ച് നടനും മുൻ രാജ്യസഭ അംഗവുമായ സുരേഷ് ഗോപി. താൻ ബി ജെ പി വിട്ടെന്ന വാർത്തകൾക്ക് പിന്നിൽ ദുഷ്ടലാക്കുണ്ടെന്ന് സുരേഷ് ഗോപി വ്യക്തമാക്കി. എന്തിനു വേണ്ടിയായിരുന്നു ഇത്തരത്തിലുള്ള വാർത്തകളെന്ന് ആ വാർത്തകൾ സൃഷ്ടിച്ചവരോട് തന്നെ ചോദിക്കണമെന്നും അദ്ദേഹം പറഞ്ഞു. ബി ജെ പി വിട്ട് എങ്ങോട്ടുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും ബി ജെ പി ദേശീയ അധ്യക്ഷൻ ജെ പി നഡ്ഡയ്ക്കും കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിനും ഉറച്ച പിന്തുണ നൽകുമെന്നും അദ്ദേഹം പറഞ്ഞു. വീണ്ടും രാജ്യസഭാംഗമായി പരിഗണിക്കാത്തതിൽ സുരേഷ് ഗോപിക്ക് അമർഷമുണ്ടെന്നും അദ്ദേഹം പാർട്ടി വിടുമെന്നും ആയിരുന്നു പ്രചരിച്ച അഭ്യൂഹങ്ങൾ. ഇതിനോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇതു കൂടാതെ ബി ജെ പി സംസ്ഥാന നേതൃത്വവുമായി സുരേഷ് ഗോപി അകൽച്ചയിലാണെന്നും സുരേഷ് ഗോപിയെ ബി ജെ പി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നതായും ആരോപിച്ചിരുന്നു.
രാജ്യസഭയിൽ അംഗമായതിനു ശേഷം 2019ൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃശൂർ സീറ്റിൽ നിന്ന് സുരേഷ് ഗോപി മത്സരിച്ചിരുന്നു. അതേസമയം, ഇനി വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിലും തൃശൂരിൽ നിന്ന് സുരേഷ് ഗോപി മത്സരിക്കണമെന്നാണ് കേരള ബി ജെ പിയുടെ ആഗ്രഹം. എന്നാൽ ഇതിനോട് സുരേഷ് ഗോപി പ്രതികരിച്ചിട്ടില്ല.