പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കമല്ഹാസന് ചിത്രമാണ് വിക്രം. വിജയ് സേതുപതി, ഫഹദ് ഫാസില്‍ എന്നിവരും ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തില്‍ തമിഴ് സൂപ്പര്‍ താരം സൂര്യയുമുണ്ടെന്ന തരത്തില്‍ അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇത് സംബന്ധിച്ച വാര്‍ത്തകളും പരന്നു. ഇപ്പോഴിതാ അക്കാര്യത്തില്‍ സ്ഥിരീകരണം നല്‍കിയിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകന് ലോകേഷ് കനകരാജ്.
ചിത്രത്തിന്റെ ട്രെയിലര്‍ ലോഞ്ചിലാണ് ലോകേഷ് കനകരാജ് അക്കാര്യം പറഞ്ഞത്. വിക്രത്തില്‍ അതിഥി വേഷത്തിലായിരിക്കും സൂര്യ എത്തുകയെന്ന് ലോകേഷ് പറഞ്ഞു. രണ്ട് ദിവസംകൊണ്ട് സൂര്യയുടെ ഭാഗങ്ങള്‍ ചിത്രീകരിച്ചുവെന്നും ലോകേഷ് കനകരാജ് കൂട്ടിച്ചേര്‍ത്തു. സൂര്യകൂടി എത്തുമ്പോള്‍ ചിത്രം കളറാകുമെന്നാണ് ആരാധകര്‍ പറയുന്നത്.
കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയിരുന്നു. ട്രെയിലറില്‍ ഉടനീളം മികച്ച സംഘട്ടന രംഗങ്ങളാണ് കോര്‍ത്തിണക്കിയിട്ടുള്ളത്. ഫഹദ്, ചെമ്പന്‍ വിനോദ്, നരേയ്ന് എന്നിവരുടെ ഗംഭീര പ്രകടനവും ട്രെയിലറില്‍ ദൃശ്യമാണ്. ജൂണ്‍ മൂന്നിനാണ് ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചിരിക്കുന്നത്. വിക്രത്തിന്റെ ഒടിടി റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാര്‍ ആണ്. ചിത്രം ഇതിനകം നേടിയിട്ടുള്ള വന്‍ പ്രീ- റിലീസ് ഹൈപ്പ് ഒരു അവസരമായി കണ്ട് മികച്ച പ്രതിഫലമാണ് ഡിസ്നി നല്‍കിയിരിക്കുന്നത്. ഒടിടി റൈറ്റ്സിലൂടെത്തന്നെ ചിത്രം 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരിക്കുന്നു എന്നാണ് വിവരം.