പ്രേക്ഷകപ്രശംസ നേടി തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ് മമ്മൂട്ടി നായകനായി എത്തിയ ‘കാതൽ ദി കോർ’ സിനിമ. ജിയോ ബേബി സംവിധാനം ചെയ്ത ചിത്രത്തിൽ തെന്നിന്ത്യൻ താരം ജ്യോതിക ആണ് മമ്മൂട്ടിയുടെ നായികയായി എത്തിയത്. ചിത്രത്തിൽ മാത്യു ദേവസി ആയി മമ്മൂട്ടി ഗംഭീര അഭിനയമികവ് കാഴ്ച വെച്ചപ്പോൾ മാത്യുവിന്റെ ഭാര്യ ഓമനയായി അസാധ്യപ്രകടനമാണ് ജ്യോതിക നടത്തിയത്. ഇപ്പോൾ, ചിത്രത്തിലെ ജ്യോതികയുടെ പ്രകടനത്തെയും അണിയറയിൽ പ്രവർത്തിച്ചവരെയും അഭിനന്ദിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് തമിഴ് നടനും ജ്യോതികയുടെ ഭർത്താവുമായ സൂര്യ ശിവകുമാർ. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിലാണ് സൂര്യ കാതൽ ദി കോർ ടീമിനെ അഭിനന്ദനങ്ങൾ കൊണ്ടു മൂടിയത്.
‘മനോഹരമായ മനസുകൾ ഒരുമിച്ചു ചേരുമ്പോൾ കാതൽ ദി കോർ പോലെ സുന്ദരമായ സിനിമകൾ നമുക്ക് ലഭിക്കുന്നു. ഇത്ര ഒരു പുരോഗമനാത്മക സിനിമ സമ്മാനിച്ചതിന് ഈ മനോഹരമായ ടീമിന് സല്യൂട്ട്. നല്ല സിനിമയെ സ്നേഹിക്കുകയും ഒപ്പം പ്രചോദനമാകുകയും ചെയ്യുന്ന മമ്മൂട്ടി സാർ, നിശ്ശബ്ദമായ രംഗങ്ങളെ പോലും ഉറച്ച ശബ്ദത്തിൽ സംസാരിപ്പിച്ച ജിയോ ബേബി, ഈ ലോകം ഞങ്ങൾക്ക് കാണിച്ചു തന്ന എഴുത്തുകാരായ ആദർശ് സുകുമാരനും പോൾസൺ സ്കറിയയും. പിന്നെ സ്നേഹം എന്തായിരിക്കുമെന്ന് കാണിച്ചു തന്ന് എല്ലാ ഹൃദയങ്ങളും കീഴടക്കിയ എന്റെ പ്രിയപ്പെട്ട ഓമനയും (ജ്യോതിക) അതിശ്രേഷ്ഠമായിരിക്കുന്നു.’ – മമ്മൂട്ടി കമ്പനിയെ അഭിനന്ദിച്ച് കൊണ്ടാണ് കുറിപ്പ് അവസാനിക്കുന്നത്.
സാലു കെ തോമസാണ് ഛായാഗ്രാഹകൻ. മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അലിസ്റ്റർ അലക്സ്, അനഘ അക്കു, ജോസി സിജോ, ആദർശ് സുകുമാരൻ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. വർഷങ്ങളുടെ ഇടവേളക്ക് ശേഷം മമ്മൂട്ടിക്കൊപ്പം ‘കാതൽ ദി കോർ’ലൂടെ മലയാളത്തിലേക്ക് തിരിച്ചെത്തുകയാണ് തെന്നിന്ത്യൻ താരം ജ്യോതിക. 2009-ൽ പുറത്തിറങ്ങിയ ‘സീതാകല്യാണം’ ആണ് ജ്യോതിക ഒടുവിലായി അഭിനയിച്ച മലയാള ചിത്രം. ചിത്രസംയോജനം: ഫ്രാൻസിസ് ലൂയിസ്, സംഗീതം: മാത്യൂസ് പുളിക്കൻ, ഗാനരചന: അൻവർ അലി, ജാക്വിലിൻ മാത്യു, കലാസംവിധാനം: ഷാജി നടുവിൽ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: എസ്. ജോർജ്, ലൈൻ പ്രൊഡ്യൂസർ: സുനിൽ സിംഗ്, പ്രൊഡക്ഷൻ കൺട്രോളർ: ഡിക്സൺ പൊടുത്താസ്, സൗണ്ട് ഡിസൈൻ: ടോണി ബാബു, വസ്ത്രാലങ്കാരം: സമീറാ സനീഷ്, മേക്കപ്പ്: അമൽ ചന്ദ്രൻ, കോ ഡയറക്ടർ: അഖിൽ ആനന്ദൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: മാർട്ടിൻ എൻ. ജോസഫ്, കുഞ്ഞില മാസിലാമണി, പ്രൊഡക്ഷൻ എക്സിക്യുട്ടീവ്: അസ്ലാം പുല്ലേപ്പടി, സ്റ്റിൽസ്: ലെബിസൺ ഗോപി, ഓവർസീസ് വിതരണം ട്രൂത്ത് ഗ്ലോബൽ ഫിലിംസ്, ഡിജിറ്റൽ മാർക്കറ്റിംഗ് വിഷ്ണു സുഗതൻ, പബ്ലിസിറ്റി ഡിസൈനർ: ആന്റണി സ്റ്റീഫൻ, പിആർഒ: ശബരി.
View this post on Instagram