തിയറ്ററുകളിൽ നിറഞ്ഞ പ്രേക്ഷകർക്ക് മുമ്പിൽ വിജയകരമായി പ്രദർശനം തുടരുകയാണ് കമൽ ഹാസൻ നായകനായ ‘വിക്രം’ സിനിമ. താരനിര കൊണ്ട് സമ്പന്നമായ ചിത്രത്തിൽ കുറഞ്ഞ സമയം മാത്രം സ്ക്രീനിൽ എത്തി കൈയടി നേടിയത് സൂര്യ ആയിരുന്നു. റോളക്സ് എന്ന് വിളിപ്പേരുള്ള അധോലോക നായകനായാണ് സൂര്യ ചിത്രത്തിൽ എത്തിയത്. ഇപ്പോൾ സൂര്യയ്ക്ക് കൗതുകം ഉണർത്തുന്ന ഒരു സമ്മാനം നൽകിയിരിക്കുകയാണ് കമൽ ഹാസൻ. ചിത്രത്തിൽ റോളക്സ് എന്ന വിളിപ്പേരുള്ള ഗുണ്ടയായി എത്തിയ സൂര്യയ്ക്ക് ഒരു റോളക്സ് വാച്ചാണ് കമൽ ഹാസൻ സമ്മാനിച്ചത്.
സൂര്യ തന്നെയാണ് ഈ സന്തോഷവാർത്ത ട്വിറ്ററിലൂടെ അറിയിച്ചത്. ‘ഇതുപോലെയുള്ള നിമിഷങ്ങൾ ജീവിതം മനോഹരമാക്കുന്നു. നിങ്ങളുടെ റോളക്സിന് നന്ദി അണ്ണാ.’ കമൽ ഹാസനെ ടാഗ് ചെയ്താണ് കുറിപ്പ്. ആഡംബര വാച്ച് നിര്‍മ്മാതാക്കളായ റോളക്സിന്റെ ഒരു വാച്ചാണ് കമല്‍ ഹാസന് നേരിട്ടെത്തി സൂര്യയ്ക്ക് നല്‍കിയത്. കമലിനൊപ്പം ചിത്രത്തിന്റെ സംവിധായകൻ ലോകേഷ് കനകരാജും സൂര്യയെ കാണാൻ എത്തി. കമൽ വാച്ച് സമ്മാനിക്കുന്നതും വാച്ച് അണിഞ്ഞു നിൽക്കുന്ന ചിത്രവും ലോകേഷിനും കമലിനും ഒപ്പമുള്ള ചിത്രങ്ങളും സൂര്യ പങ്കുവെച്ചു.
അതേസമയം, തിയറ്ററുകളിൽ കമൽ ഹാസൻ ചിത്രം വിക്രം വിജയകരമായി പ്രദർശനം തുടരുകയാണ്. വിജയ് സേതുപതി, ഫഹദ് ഫാസില്‍, ചെമ്പന്‍ വിനോദ്, കാളിദാസ് ജയറാം, നരെയ്ന് എന്നിവരൊക്കെ ചിത്രത്തിൽ മികച്ച പ്രകടനമാണ് നടത്തിയത്. ചിത്രത്തിന്റെ ടെയ്ല് എന്‍ഡ് സീക്വന്‍സില്‍ മികവാര്‍ന്ന പ്രകടനമായിരുന്നു സൂര്യ നടത്തിയത്. റോളക്സ് എന്നു വിളിപ്പേരുള്ള അധോലോക നായകനെയാണ് സൂര്യ അവതരിപ്പിച്ചത്. അതേസമയം വിക്രത്തിന്റെ സംവിധായകന് ലോകേഷ് കനകരാജിന് ഒരു ആഡംബര കാറും ചിത്രത്തിലെ മുഴുവന്‍ സഹ സംവിധായകര്‍ക്കും ബൈക്കുകളും സമ്മാനിച്ചിരുന്നു കമല്‍ ഹാസന്.
A moment like this makes life beautiful! Thank you Anna for your #Rolex! @ikamalhaasan pic.twitter.com/uAfAM8bVkM
— Suriya Sivakumar (@Suriya_offl) June 8, 2022