കലാകാരൻമാർ നശിച്ചു കാണാനും മരിച്ച കാണാനുമാണ് പലർക്കും ഇഷ്ടമെന്ന് നടനും മിമിക്രി കലാകാരനുമായ ടിനി ടോം. തനിക്കെതിരെ തുടർച്ചയായി വരുന്ന ട്രോളുകളെക്കുറിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മനോരമ ഓൺലൈനിനോട് സംസാരിക്കവെയാണ് ടിനി ടോം ഇങ്ങനെ പറഞ്ഞത്. കേരളത്തിൽ അധികവും കലാകാരൻമാരെ വിമർശിച്ച് നശിപ്പിക്കാൻ ശ്രമിക്കുന്നവരാണ്. തന്നെ താറടിക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്നും എന്നാൽ അത്തരം താറടിക്കലുകളെ ഒന്നുമാകാൻ സാധിക്കാത്തവരുടെ രോധനം മാത്രമായാണ് കാണുന്നതെന്നും ടിനി ടോം പറഞ്ഞു. ഇതൊന്നും തന്നെ ബാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
താൻ വളർന്നു വന്നത് മിമിക്രിയിലൂടെ ആണെന്നും ലോകം മുഴുവൻ സഞ്ചരിച്ചത് അതിലൂടെ തന്നെയാണെന്നും ടിനി ടോം പറഞ്ഞു. അവിടെയെല്ലാം തന്നെ സ്വീകരിച്ചത് മലയാളികൾ തന്നെയാണ്. അതുകൊണ്ടു തന്നെ വിജയിച്ച വ്യക്തിയാണ് താനെന്നും അദ്ദേഹം പറഞ്ഞു. കഴിവും പ്രശസ്തിയുമില്ലാത്ത ആളുകളെ ട്രോൾ ചെയ്താൽ കാഴ്ചക്കാരെ ലഭിക്കില്ല. കലാകാരൻമാർ നശിച്ചു കാണാനും മരിച്ചു കാണാനുമാണ് പലർക്കും ഇഷ്ടം. അത്തരം പ്രവൃത്തികളിലൂടെ എന്ത് ലാഭമാണ് കിട്ടുന്നതെന്നും ടിനി ടോം ചോദിച്ചു.
മലയാളത്തിലെ മുൻനിര സംവിധായകരുടെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെന്നും അതൊന്നും ആരെയും സ്വാധീനിച്ച് നേടിയതല്ലെന്നും ടിനി ടോം പറഞ്ഞു. മറ്റുള്ളവരെക്കുറിച്ച് മോശം കാര്യങ്ങൾ പറയുന്നവർ ഭൂമിക്കടിയിലെ പുഴുക്കളാണെന്നും അവർ എവിടെയും എത്താൻ പോകുന്നില്ലെന്നും ടിനി ടോം പറഞ്ഞു. ജോഷി സംവിധാനം ചെയ്ത ‘പാപ്പൻ’ ആണ് ടിനി ടോം അഭിനയിച്ച് അവസാനമായി റിലീസ് ആയ സിനിമ. ടിനി അവതരിപ്പിച്ച സോമൻ നായർ പാപ്പനിൽ ഏറെ ശ്രദ്ധ നേടിയിരുന്നു.