മലയാളികളുടെ പ്രിയപ്പെട്ട യുവതാരങ്ങളായ ടൊവിനോ തോമസും കല്യാണി പ്രിയദർശനും നായകരായി എത്തുന്ന ചിത്രമാണ് ‘തല്ലുമാല’. ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ചിത്രം വൻ ഹൈപ്പിലാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്. ചിത്രത്തിന്റെ പ്രമോഷന്റെ തിരക്കിലാണ് താരങ്ങളെല്ലാം. സിനിമാജീവിതത്തെക്കുറിച്ചും സെലിബ്രിറ്റി ലൈഫിനെക്കുറിച്ചും മനസു തുറന്നു പറയുകയാണ് ടൊവിനോ തോമസ്.
സിനിമയോടുള്ള പാഷനാണ് അഭിനയിക്കാൻ കാരണമെന്നും സെലിബ്രിറ്റി സ്റ്റാറ്റസും പണവും സെക്കണ്ടറിയാണെന്നും പറഞ്ഞിരിക്കുകയാണ് ടൊവിനോ തോമസ്. തല്ലുമാലയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ ആയിരുന്നു ടൊവിനോ ഇങ്ങനെ പറഞ്ഞത്. എപ്പോഴെങ്കിലും സെലിബ്രിറ്റി സ്റ്റാറ്റസ് ബുദ്ധിമുട്ടായി തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിനുള്ള മറുപടിയായാണ് ടൊവിനോ ഇക്കാര്യം പറഞ്ഞത്.
നല്ല രീതിയിൽ താനിപ്പോൾ ജീവിക്കുന്നത് കൊണ്ട് നിങ്ങൾക്കെന്തെങ്കിലും ബുദ്ധിമുട്ടുണ്ടോയെന്നും ടൊവിനോ ചോദിച്ചു. എന്നും എല്ലാത്തിനും ഒരു ബാലൻസ് ഉണ്ട്. ഒന്ന് കിട്ടുമ്പോൾ ഒന്ന് പോകുന്നത് സ്വാഭാവികമാണ്. അത്യാവശ്യം വരുമാനവും സിനിമകളുമൊക്കെ ഉള്ളതുകൊണ്ട് തനിക്ക് ഫാൻസും സ്റ്റബിലിറ്റിയുമൊക്കെ ഉണ്ട്. അക്കാരണത്താൽ പ്രൈവസി പോകുകയാണെങ്കിൽ പോട്ടെ എന്നും ടൊവിനോ പറഞ്ഞു. ഓഗസ്റ്റ് 12നാണ് ‘തല്ലുമാല’ തിയറ്ററുകളിലേക്ക് എത്തുന്നത്. ചിത്രത്തിന് ക്ലീന്‍ യു/എ സര്‍ട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്.
അനുരാഗ കരിക്കിന് വെള്ളം, ഉണ്ട, ലവ് എന്നീ ചിത്രങ്ങള്‍ക്കു ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് തല്ലുമാല. ഷൈന്‍ ടോം ചാക്കോ, ലുക്മാന്, ചെമ്പന്‍ വിനോദ് ജോസ്, ജോണി ആന്റണി, ഓസ്റ്റിന്‍, അസിം ജമാല്‍ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.