മിന്നല്‍ മുരളി, തല്ലുമാല തുടങ്ങിയ സൂപ്പര്‍ ചിത്രങ്ങള്‍ക്ക് ശേഷം ടൊവിനോ തോമസ് നായകനാകുന്ന ചിത്രം അണിയറയില്‍ ഒരുങ്ങുന്നു. നടികര്‍ തിലകം എന്നാണ് ചിത്രത്തിന്റെ പേര്. ഡ്രൈവിംഗ് ലൈസന്‍സ് എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് നടികര്‍ തിലകം. അലന് ആന്റണി, അനൂപ് വേണുഗോപാല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഗോഡ്സ്പീഡാണ് ചിത്രം നിര്‍മിക്കുന്നത്. പുഷ്പ – ദ റൈസ് പാര്‍ട്ട് 1 ഉള്‍പ്പെടെ ഒട്ടേറെ ജനപ്രിയ ചിത്രങ്ങള്‍ നിര്‍മിച്ച മൈത്രി മൂവി മെക്കേഴ്സിന്റെ വൈ.നവീനും വൈ.രവി ശങ്കറും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. മൈത്രി മൂവി മേക്കേഴ്സ് ഒരു മലയാള ചിത്രത്തിന്റെ ഭാഗമാകുന്നത് ഇത് ആദ്യമാണ്.
View this post on Instagram
View this post on Instagram
‘സൂപ്പര്‍സ്റ്റാര്‍ ഡേവിഡ് പടിക്കല്‍’ എന്ന കഥാപാത്രമായാണ് ടൊവിനോ തോമസ് ചിത്രത്തിലെത്തുന്നത്. ടൊവിനോ തന്നെയാണ് ചിത്രത്തിന്റെ പേര് പുറത്തുവിട്ടതിനൊപ്പം കഥാപാത്രത്തെ സംബന്ധിച്ച വിവരങ്ങളും പങ്കുവച്ചത്. ടൊവിനോയ്ക്കൊപ്പം മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സൗബിന് ഷാഹിറാണ്. ബാല എന്ന കഥാപാത്രത്തെയാണ് സൗബിന് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ടൊവിനോയും സൗബിനും ആദ്യമായി ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും നടികര്‍ തിലകത്തിനുണ്ട്.
സുവിന് സോമശേഖരനാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ആല്‍ബിയാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. രതീഷ് രാജാണ് എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നത്. യക്സന്‍ ഗാരി പെരേര, നേഹ എസ് നായര്‍ എന്നിവര്‍ സംഗീത സംവിധാനവും പ്രശാന്ത് മാധവ് കലാസംവിധാനവും നിര്‍വഹിക്കുന്നു. നിതിന്‍ മൈക്കിളാണ് ചീഫ് അസോസിയേറ്റ്. പ്രവീണ്‍ വര്‍മ വസ്ത്രാലങ്കാരവും ആര് ജി വയനാട് മേക്കപ്പും നിര്‍വഹിക്കുന്നു. അന്‍ബരിവ് ആണ് സ്റ്റണ്ട് കൈകാര്യം ചെയ്യുന്നത്. ഭൂപതി കൊറിയോഗ്രഫിയും അരുണ്‍വര്‍മ സൗണ്ട് ഡിസൈനിങ്ങും കൈകാര്യം ചെയ്യുന്നു.