ഇതുവരെ കണ്ടതില്‍ നിന്ന് വ്യത്യസ്തമായ ലുക്കിലുള്ള ടൊവിനോ തോമസിന്റെ ചിത്രങ്ങള്‍ വൈറല്‍. ഡോ. ബിജു സംവിധാനം ചെയ്യുന്ന അദൃശ്യ ജാലകങ്ങള്‍ എന്ന ചിത്രത്തില്‍ നിന്നുള്ളതാണ് ചിത്രങ്ങള്‍. ടൊവിനോ തന്നെയാണ് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. നിമിഷ നേരംകൊണ്ടുതന്നെ ചിത്രങ്ങള്‍ വൈറലായി.
തന്റെ ഏറ്റവും പ്രിയപ്പെട്ട കഥാപാത്രങ്ങളിലൊന്നിന്റെ ആദ്യ ഗ്ലിംസ് ഇതാ എന്ന് പറഞ്ഞുകൊണ്ടാണ് ടൊവിനോ ചിത്രം പങ്കുവച്ചത്. ഡോ. ബിജുവിന്റെ പേരില്ലാത്ത ഈ യുവാവിന് ജീവന് നല്കുന്നതില് അതിയായ സന്തോഷമുണ്ട്. അദ്ദേഹത്തോടൊപ്പമുള്ള തന്റെ ആദ്യത്തെ സിനിമയാണിത്. നമുക്ക് ചുറ്റുമുള്ള ഒരുപാട് പേരില്ലാത്തവരെ പ്രതിനിധീകരിക്കുന്ന സര്‍റിയലിസത്തില്‍ വേരൂന്നിയ സിനിമ. ഈ സിനിമയിലെ സാമൂഹിക പ്രസക്തമായ സന്ദേശം നിങ്ങളുടെ ഹൃദയത്തില്‍ തട്ടുകയും ചിന്തിപ്പിക്കുകയും ചെയ്യും. പരമ്പരാഗത ശൈലിയില്‍ നിന്ന് മാറി നില്ക്കുന്ന ഇത്രയും മൂല്യവത്തായ ചിത്രത്തിന് വേണ്ടി ഒന്നിച്ച അദൃശ്യജാലകങ്ങളുടെ മുഴുവന്‍ ക്രൂവിനേയും ഹൃദയത്തോട് ചേര്‍ക്കുന്നുവെന്നും ടൊവിനോ കുറിച്ചു.
എല്ലനര്‍ ഫിലിംസ് മൈത്രി മൂവി മേക്കേഴ്സ് എന്നിവര്‍ക്കൊപ്പം ടൊവിനോ തോമസ് പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. നിമിഷ സജയന്, ഇന്ദ്രന്‍സ് എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത്. ഈ വര്‍ഷത്തെ ഐഎഫ്എഫ്കെയില് പ്രദര്‍ശിപ്പിച്ച ദ് പോര്‍ട്രെയ്റ്റ്സിനു ശേഷം ഡോ. ബിജു സംവിധാനം ചെയ്യുന്ന ചിത്രമാണ് അദൃശ്യ ജാലകങ്ങള്‍.