അയോധ്യ രാമക്ഷേത്രത്തിന്റെ പ്രാൺ പ്രതിഷ്ഠ ദിനമായ ജനുവരി 22ന് വീടുകളിൽ ശ്രീരാമജ്യോതി തെളിയിക്കണമെന്ന് ആഹ്വാനം ചെയ്ത് നടൻ ഉണ്ണി മുകുന്ദൻ. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിലാണ് ഉണ്ണി മുകുന്ദൻ ഇക്കാര്യം ആവശ്യപ്പെട്ടത്. ‘ജനുവരി 22-ന് നിങ്ങളുടെ വീടുകളിലും പരിസരങ്ങളിലും ശ്രീരാമജ്യോതി തെളിയിക്കുക. ശ്രീരാമന്റെ വരവ് പ്രമാണിച്ച് ഈ വർഷം ദീപാവലി ജനുവരിയിൽ വരുന്നതിന് തുല്യം! രാജാവ് സിംഹാസനം ഏറ്റെടുക്കാനുള്ള യാത്രയിലാണ്. ജയ്ശ്രീറാം ‘ അയോധ്യയുടെ ചിത്രം പങ്കുവെച്ചു കൊണ്ട് ഉണ്ണി മുകുന്ദൻ കുറിച്ചു.
എന്നാൽ, കഴിഞ്ഞദിവസം ജനുവരി 22 ന് ശ്രീരാമജ്യോതി തെളിയിക്കണമെന്ന് ഗായിക ചിത്ര ആഹ്വാനം ചെയ്തത് വിവാദമായിരുന്നു. ഇതിനു പിന്നാലെ ഗായികയ്ക്ക് നേരെ വലിയ വിമര്‍ശനങ്ങളായിരുന്നു ഉയർന്നത്. ചിത്രയ്ക്ക് എതിരെയുള്ള വിമർശനം ഉയർന്നു നിൽക്കുന്നതിന്റെ ഇടയിലാണ് ഇത്തരമൊരു ആഹ്വാനവുമായി ഉണ്ണി മുകുന്ദനും രംഗത്തെത്തിയിരിക്കുന്നത്. താരത്തിന്റെ ആഹ്വാനം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിട്ടുണ്ട്.
അതേസമയം, രാമക്ഷേത്ര ഉദ്ഘാടനം ദീപാവലി പോലെ ആഘോഷിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടു. വീട്ടിൽ മൺവിളക്കുകൾ കത്തിച്ചും പാവപ്പെട്ടവർക്ക് ഭക്ഷണം നൽകിക്കൊണ്ടും അന്നേദിവസം ആചരിക്കണമെന്ന് പ്രധാനമന്ത്രി കേന്ദ്ര മന്ത്രിമാർക്കാണ് നിർദ്ദേശം നൽകിയത്. പ്രതിഷ്ഠാ ചടങ്ങുകള്‍ക്ക് ശേഷം അവരവരുടെ മണ്ഡലത്തിലെ ജനങ്ങളുടെ അയോധ്യയിലേക്കുള്ള ട്രെയിന്‍ യാത്ര സുഗമമാക്കണമെന്നും പ്രധാനമന്ത്രി മന്ത്രിമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
View this post on Instagram